
ചെന്നൈ: സ്റ്റീൽ നിർമ്മാതാക്കളായ സുമംഗല സ്റ്റീൽ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപയുടെ വരുമാനം നേടാൻ ലക്ഷ്യമിടുന്നതായി ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 679 കോടി രൂപയായിരുന്നുവെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജേന്ദ്രൻ സബാനായഗം പറഞ്ഞു.
സ്റ്റീൽ ബെൽറ്റുകളുടെ നിർമ്മാണത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കൂടാതെ സ്റ്റീൽ ബെൽറ്റുകളുടെ ദക്ഷിണേന്ത്യയിലെ ഏക വിതരണക്കാരൻ കൂടിയാണ് കമ്പനിയെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സബാനായഗം പറഞ്ഞു.
ഉയർന്ന നിലവാരമുള്ള ടിഎംടി ബാറുകളുടെ ഉൽപ്പാദനത്തിലേക്കും കമ്പനി അടുത്തിടെ പ്രവേശിച്ചു. 500D, 550, 550D എന്നിങ്ങനെ 8 എംഎം മുതൽ 32 എംഎം വരെയുള്ള എല്ലാ വലുപ്പത്തിലുമുള്ള ടിഎംടിയുടെ വ്യത്യസ്ത ഗ്രേഡുകൾ കമ്പനി നിർമ്മിക്കുന്നു. ഇതിന്റെ ശേഷി പ്രതിവർഷം രണ്ട് ലക്ഷം ടണ്ണായി വർധിപ്പിക്കുന്നതിനായി കൂടുതൽ നിക്ഷേപം നടത്താൻ സുമംഗല സ്റ്റീൽ ഉദ്ദേശിക്കുന്നു.
അതേപോലെ ഭാവി പദ്ധതികളിൽ, ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുമായി റെഡിമെയ്ഡ് സ്റ്റീൽ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനാണ് സുമംഗല സ്റ്റീൽ ലക്ഷ്യമിടുന്നതെന്ന് സബാനായഗം പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്താൻ കമ്പനി 50 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.