ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ സുനില്‍ സിംഘാനിയ ജൂണിലവസാനിച്ച പാദത്തില്‍ നിക്ഷേപമുയര്‍ത്തിയ കമ്പനിയാണ് ഹിന്‍ഡ്‌വെയര്‍ ഇനവേഷന്‍ ലിമിറ്റഡ്. നേരത്തെയുണ്ടായിരുന്ന 3.7 ശതമാനം ഓഹരി പങ്കാളിത്തം സിംഘാനിയ 4.8 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. 34,94,690 ഓഹരികളാണ് നിലവില്‍ അദ്ദേഹത്തിന്റെ കൈവശമുള്ളത്.
115 കോടി രൂപ മൂല്യമുള്ള നിക്ഷേപമാണിത്. നിര്‍മ്മാണ ഉല്‍പ്പന്നങ്ങളും ഉപഭോക്തൃ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹിന്‍ഡ്‌വെയര്‍ ഇനവേഷന്‍.സാനിറ്ററിവെയര്‍, ഫ്യൂസറ്റുകള്‍, പ്ലാസ്റ്റിക് പൈപ്പുകള്‍, ഫിറ്റിംഗുകള്‍, പ്രീമിയം, സൂപ്പര്‍ പ്രീമിയം ടൈലുകള്‍ എന്നീ നിര്‍മ്മാണ ഉത്പന്നങ്ങളും ചിമ്മിനികള്‍, കുക്ക്‌ടോപ്പുകള്‍, ഡിഷ്‌വാഷറുകള്‍, ബില്‍റ്റ്ഇന്‍ മൈക്രോവേവ്, വാട്ടര്‍ പ്യൂരിഫയറുകള്‍, എയര്‍ കൂളറുകള്‍, സീലിംഗ്, പെഡസ്റ്റല്‍ ഫാനുകള്‍, അടുക്കള, ഫര്‍ണിച്ചര്‍ ഫിറ്റിംഗുകള്‍, വിവിധതരം വാട്ടര്‍ ഹീറ്ററുകള്‍, റൂം ഹീറ്ററുകള്‍ എന്നീ ഉപഭോക്തൃ ഉപകരണങ്ങളും കമ്പനി നിര്‍മ്മിക്കുന്നു.
കോവിഡ് മഹാമാരിയ്ക്കിടയിലും സാമ്പത്തിക വര്‍ഷം 2021 ല്‍ 1788 കോടി രൂപയുടെ വരുമാനമുണ്ടാക്കാന്‍ ഹിന്ഡ് വെയറിന് സാധിച്ചു. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതല്‍. കമ്പനിയുടെ 51.32 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്.
3.02 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 6.34 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു. അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ അബാക്കസ് അസറ്റ് മാനേജറിന്റെ സഹ സ്ഥാപകനായ സിംഘാനിയ ഇന്ത്യയിലെ അറിയപ്പെടുന്ന നിക്ഷേപകനാണ്. റിലയന്‍സ് ക്യാപിറ്റല്‍ ഗ്രൂപ്പ് ലിമിറ്റഡിന്റെ ആഗോള ഇക്വിറ്റി തലവനായിരുന്നു. സിംഘാനിയയുടെ നേതൃത്വത്തില്‍ കമ്പനിയുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 100 മടങ്ങ് വര്‍ധിച്ചു.
ജൂണ്‍ പാദ ഫയലിംഗുകള്‍ പ്രകാരം, 2,161.9 കോടി രൂപ വിലമതിക്കുന്ന 28 ഓഹരികള്‍ സുനില്‍ സിംഘാനിയയ്ക്ക് സ്വന്തമായുണ്ട്.