ദില്ലി: സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന കേരളത്തിന് സുപ്രീം കോടതിയുടെ രക്ഷാകരം. കടമെടുപ്പ് പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി.
കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇപ്പോൾ നൽകുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയിൽ ഉൾപ്പെടുത്താം. വഴി ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ഇതനുസരിച്ച് 5000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചു.
വായ്പ പരിധി കൂട്ടിക്കിട്ടാൻ കേരളം നേരത്തെ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി കടമെടുക്കാനുള്ള അഭ്യർത്ഥന ധനകാര്യമന്ത്രാലയം തള്ളിയെന്നാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചത്.
വായ്പ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.