ന്യൂഡല്‍ഹി: ലൈറ്റ് മോട്ടർ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാം എന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച്.
7500 കിലോയില്‍ കുറഞ്ഞ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ആണ് ഫോർവീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മറ്റ് രേഖകള്‍ കൂടാതെ ഓടിക്കാൻ സാധിക്കുക.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെത് ആണ് ഉത്തരവ്. ലൈസെൻസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്‍.എം.വികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാൻ ലൈറ്റ് മോട്ടർ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായാല്‍ മതി.
2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇൻഷുറൻസ് കമ്ബനിയായ ബജാജ് അലിയൻസ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.
ലൈറ്റ് വെഹിക്കിള്‍ ലൈസൻസില്‍ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്.
7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.