മുംബൈ: സെംബ്കോർപ്പിന്റെ അനുബന്ധ സ്ഥാപനമായ ഗ്രീൻ ഇൻഫ്രാ വിൻഡ് എനർജിക്ക് വേണ്ടി 180.6 മെഗാവാട്ട് (MW) കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനുള്ള ഓർഡർ ലഭിച്ചതായി അറിയിച്ച് സുസ്ലോൺ എനർജി. ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 5.30 ശതമാനം ഉയർന്ന് 11.13 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്.
ഓർഡർ പ്രകാരം ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ (എച്ച്എൽടി) ടവറും 2.1 മെഗാവാട്ട് വീതം ശേഷിയുമുള്ള 86 വിൻഡ് ടർബൈൻ ജനറേറ്ററുകളും (ഡബ്ല്യുടിജി) കമ്പനി സ്ഥാപിക്കും. കർണാടകയിലെ ബഗൽകോട്ടിലെ കനകഗിരിബാദിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. ഇത് 2024 ൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാർ പ്രകാരം കാറ്റ് ടർബൈനുകൾ വിതരണം ചെയ്യുമെന്നും ഉദ്ധാരണം, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും സുസ്ലോൺ പറഞ്ഞു. അതോടൊപ്പം കമ്മീഷനിംഗിന് ശേഷമുള്ള സമഗ്രമായ പ്രവർത്തന പരിപാലന സേവനങ്ങളും കമ്പനി നൽകും.
ഗ്രിഡ് ആവശ്യകതകൾ നിറവേറ്റുന്നതിനായി കാറ്റാടി ടർബൈനുകളെ യൂട്ടിലിറ്റി നെറ്റ്‌വർക്കിലേക്ക് കാര്യക്ഷമമായി സമന്വയിപ്പിക്കുന്ന ടൈം ടെസ്റ്റ് ഡബിൾ ഫീഡ് ഇൻഡക്ഷൻ ജനറേറ്റർ (ഡിഎഫ്ഐജി) സാങ്കേതികവിദ്യയാണ് സുസ്ലോൺ ടർബൈനുകളുടെ സവിശേഷത.
17 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സുസ്‌ലോൺ ഗ്രൂപ്പ് ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ്ജ പരിഹാര ദാതാക്കളിൽ ഒന്നാണ്. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി 243.33 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു.