അടിയന്തരമായി ഒരു നിയമോപദേശം വേണോ..? അല്ലെങ്കില്‍ ഏതെങ്കിലും ജ്യോതിഷന്റെ സേവനം വേണോ…? ഇത് രണ്ടും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും ഇവയെല്ലാം ഒരു പ്ലാറ്റ്ഫോമില്‍ ലഭിക്കുകയാണെങ്കിലോ..?
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവന ദാതാക്കളായ സ്വിഗ്ഗി അധികം വൈകാതെ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം വിപൂലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്വിഗ്ഗി യെല്ലോ എന്ന പേരില്‍ ആയിരിക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കുക.
പുതിയ സേവനം ഒരു പ്രത്യേക ആപ്പായാണോ അതോ സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗം ആയ ഇന്‍സ്റ്റാമാര്‍ട്ടിന് സമാനമായി പ്രധാന പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കുമോ ലഭിക്കുക എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന.
അഭിഭാഷകര്‍, ജ്യോതിഷികള്‍, എന്നിവര്‍ക്ക് പുറമേ തെറാപ്പിസ്റ്റുകള്‍, ഫിറ്റ്നസ് പരിശീലകര്‍, ഡയറ്റീഷ്യന്മാര് തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനങ്ങള്‍ കൂടി യെല്ലോ വഴി നല്‍കും.
ഫോര്‍മുല 1 റേസുകള്‍, സംഗീത കച്ചേരികള്‍, ആര്‍ട്ട് എക്സിബിഷനുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള പരിപാടികളിലേക്ക് പ്രവേശനം നല്കുന്ന റെയര്‍ എന്ന പേരില്‍ ഒരു പ്രീമിയം അംഗത്വ സേവനവും സ്വിഗ്ഗി പരീക്ഷിക്കുന്നുണ്ട്.
വരുന്ന പതിമൂന്നാം തീയതി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് സ്വിഗിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റും സേവനങ്ങള്‍ വിപുലമാക്കാനൊരുങ്ങുകയാണ്.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്, ആശാരിമാര് തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ശ്രമമാണ് സൊമാറ്റോ നടത്തുന്നത്. സൊമാറ്റോ നേരത്തെ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിരുന്നു.
2048 കോടി രൂപയുടേതാണ് ഇടപാട്. ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ് , രാജ്യത്തുടനീളമുള്ള വിവിധ പരിപാടികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍ എന്നിവ സൊമാറ്റോ വഴി ചെയ്യുന്നതിന് വഴിയൊരുക്കുന്നതാണ് ഈ ഇടപാട്.