ബെംഗളൂരു: വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം ഓർഡർ ചെയ്യാൻ സംവിധാനമൊരുക്കുന്ന ഇന്റർനാഷണൽ ലോഗിൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മുൻനിര ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി. യുഎസ്, കാനഡ, ജർമനി, യുകെ, ഓസ്ട്രേലിയ, യുഎഇ ഉൾപ്പെടെ 27 രാജ്യങ്ങളിലുള്ളവർക്ക് സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യാനും ഷോപ്പിംഗ് നടത്താനും ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ ടേബിളുകൾ ബുക്ക് ചെയ്യാനും കഴിയും. അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താം.
ഇന്റർനാഷണൽ ലോഗിൻ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നവർക്ക് പ്രത്യേക അവസരങ്ങളിൽ തങ്ങളുടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഭക്ഷണ സാധനങ്ങളും സമ്മാനങ്ങളും എത്തിക്കാനായി സ്വിഗ്ഗി അവതരിപ്പിച്ച പുതിയ ഫീച്ചർ സ്ഥിരമായുള്ളതാണ്. മുൻപ് രക്ഷാബന്ധൻ ആഘോഷവേളയിൽ സ്വിഗ്ഗിയുടെ പ്രധാന എതിരാളികളായ സൊമാറ്റോയുടെ കീഴിലുള്ള ബ്ലിങ്കിറ്റ് സമാനമായ ഫീച്ചർ താത്കാലികമായി നടപ്പിലാക്കിയിരുന്നു. ബ്ലിങ്കിറ്റിന്റെ ഈ ഇന്റർനാഷണൽ ഓർഡർ ഫീച്ചർ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കിടയിൽ വലിയ ചലനമുണ്ടാക്കി.