ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ആണ് നിലവിൽ വിപണികളിലെ ചൂടുള്ള സംസാരവിഷയം. സൊമാറ്റോയ്ക്ക് ശേഷം മേഖലയിൽ നിന്നു വിപണികളിലേയ്ക്ക് എത്തുന്ന സമാന സ്വഭാവമുള്ള കമ്പനിയാണ് സ്വിഗ്ഗി.
അടുത്തിടെ സൊമാറ്റോ ഓഹരികൾ നടത്തുന്ന പ്രകടനം സ്വിഗ്ഗിയിലേയ്ക്കും നിക്ഷേപശ്രദ്ധ ആകർഷിക്കുന്നു. ഇന്നാണ് സ്വിഗ്ഗി ഓഹരികൾ വിപണികളിൽ ലിസ്റ്റ് ചെയ്യുക.
സ്വിഗ്ഗിയുടെ വിപണിയിലേയ്ക്കുള്ള വരവിൽ കോളടിച്ചത് ജീവനക്കാർക്കാണ്. ഇവർ വൻ സമ്പത്തിലേയ്ക്കാണു ചുവടുവയ്ക്കുന്നത്. ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി മേജറുടെ ഓഹരി വിൽപ്പന ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കൽ ഇവന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഐപിഒയുടെ ഭാഗമായി ഏകദേശം 500 ൽ പരം ജീവനക്കാർ കോടീശ്വരൻമാരാകും എന്നാണ് വിലയിരുത്തൽ.
കമ്പനിയുടെ ഐപിഒ ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളിൽ (ഇഎസ്ഒപി) 9,000 കോടി രൂപ അൺലോക്ക് ചെയ്യും. ഫ്‌ലിപ്പ്കാർട്ടിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഒരു പ്രധാന കളിക്കാരനായി സ്വിഗ്ഗി മാറുന്നുവെന്നാണ് ഈ സമ്പത്ത് വ്യക്തമാക്കുന്നത്.
പേയ്‌മെന്റ അഗ്രഗേറ്ററായ പേടിഎമ്മിന് ശേഷമുള്ള ഏറ്റവും വലിയ സാങ്കേതിക ഐപിഒ ആണ് സ്വിഗ്ഗിയുടേത്. ഏകദേശം 11,300 കോടി രൂപയുടേതാണ് സ്വിഗ്ഗി ഐപിഒ. ഓഹരികൾ 3.6 തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർ ഭാഗം 1.14 തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 1.65 മടങ്ങ് ബിഡ്ഡിംഗ് കണ്ടു. ഐപിഒ ഓഹരി വില 371- 390 രൂപയാണ്.
കമ്പനിയുടെ ഏറ്റവും പുതിയ സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി പ്രകാരം ഏകദേശം 2,600 കോടി രൂപയുടെ ഓഹരികൾ സ്വിഗ്ഗി സ്ഥാപകർക്കും, ഉയർന്ന മാനേജ്മെന്റ് ജീവനക്കാർക്കും ഇഎസ്ഒപി ആയി അനുവദിച്ചിട്ടുണ്ട്.
ഇതിൽ സ്ഥാപകനും, ഗ്രൂപ്പ് സിഇഒയുമായ ശ്രീഹർഷ മജെറ്റി ഉൾപ്പെടുന്നു. സഹസ്ഥാപകരായ നന്ദൻ റെഡ്ഡി, ഫാണി കിഷൻ അദ്ദേപ്പള്ളി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാഹുൽ ബോത്ര, ചീഫ് ടെക്നോളജി ഓഫീസർ മധുസൂധൻ റാവു, ഭക്ഷ്യ വിപണി സിഇഒ രോഹിത് കപൂർ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ എന്നിവും ഈ ലിസ്റ്റിൽ ഉണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഐപിഒയ്ക്ക് ഒരു മാസം കഴിഞ്ഞ് ജീവനക്കാർക്ക് ഓഹരികൾ വിൽക്കാൻ അനുവാദമുണ്ട്. സ്വിഗ്ഗി പ്രോസ്പെക്ടസ് പ്രകാരം, കമ്പനി ഇതുവരെ മൂന്ന് ഇഎസ്ഒപി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. 2015, 2021, 2024 വർഷങ്ങളിൽ ആയിരുന്നു ഇവ. ഇതിൽ 9 ദശലക്ഷം ഓപ്ഷനുകൾ ഷെയറുകളായി വിനിയോഗിച്ചു. ബാക്കിയുള്ളവ ഇനിയും ഉപയോഗിക്കാനുണ്ട്.