ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. സ്വിഗ്ഗി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ ബോത്രയാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷണ വിതരണത്തിനായുള്ള പ്ലാറ്റ്ഫോം ഫീസ് അടുത്തിടെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റാമാര്‍ട്ടിലെ നിരക്ക് വര്‍ധന. ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ നിരക്കുകള്‍ നിലവിലെ 15 ശതമാനത്തില്‍ നിന്ന് ഭാവിയില്‍ 20-22 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് സ്വിഗ്ഗിയുടെ സിഎഫ്ഒ പറഞ്ഞു.
ഇതോടൊപ്പം, പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്, ഇത് കമ്പനിയുടെ മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. പുതുക്കുന്ന നിരക്കുകള്‍ എപ്പോള്‍ മുതല്‍ ഈടാക്കുമെന്ന് രാഹുല്‍ ബോത്ര വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ 199 രൂപയ്ക്ക് താഴെ വിലയുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും ഡെലിവറി ഫീസ് 30 രൂപ , കാര്‍ട്ട് ഫീസ് 15 രൂപ, ഹാന്‍ഡ്ലിംഗ് ചാര്‍ജുകള്‍ 6.50 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്.
സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവ 200 രൂപയില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 30 രൂപയും വലിയ ഓര്‍ഡറുകള്‍ക്ക് 16 രൂപയും ഡെലിവറി ഫീസ് ഈടാക്കുന്നു; 99 രൂപയ്ക്ക് താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 35 രൂപയാണ് നിരക്ക്.
ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്ഫോം ഫീസ് 2023 ഏപ്രിലില്‍ സ്വിഗ്ഗി ഒരു ഓര്‍ഡറിന് 2 രൂപയായി നിശ്ചയിച്ചിരുന്നു, ഇത് 18 മാസത്തിനുള്ളില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് 10 രൂപയാക്കി.
ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സൊമാറ്റോ ഉല്‍സവ സീസണിന് മുന്നോടിയായി 10 രൂപ പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സ്വിഗ്ഗിയുടെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2,763.33 കോടി രൂപയില്‍ നിന്ന് 30 ശതമാനം വര്‍ധിച്ച് 3,601.45 കോടി രൂപയായി.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 3,222.2 കോടി രൂപയായിരുന്നു. കൂടാതെ, 657 കോടി രൂപയില്‍ നിന്ന് 625.5 കോടി രൂപയായി നഷ്ടം കുറയുകയും ചെയ്തു.