ന്യൂഡല്‍ഹി: സ്വിസ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറി അതോറിറ്റി (എസ്എഫ്എസ്എ), പ്രതിസന്ധിയിലകപ്പെട്ട ക്രെഡിറ്റ് സ്യൂസിനെ രക്ഷിച്ചെടുത്തത് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മാതൃക പിന്‍തുടര്‍ന്ന്. മൂന്ന് വര്‍ഷം മുന്‍പ്, ബാങ്കിംഗ് പ്രൊഫഷണലായ റാണാ കപൂര്‍ പ്രമോട്ട് ചെയ്ത യെസ് ബാങ്കിന്റെ ജീവന്‍ ആര്‍ബിഐ നിലനിര്‍ത്തിയിരുന്നു. അതുല്യമായിരുന്നു, അശ്രദ്ധവായ്പകള്‍ കാരണം പരാജയപ്പെട്ട ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതി.
ഇതിനായി 8400 കോടി രൂപ മൂല്യമുള്ള അഡീഷണല്‍ ടയര്‍ 1 ബോണ്ടുകള്‍ (AT1) പൂജ്യമായി കേന്ദ്രബാങ്ക് എഴുതിതള്ളി. നീക്കം വിവാദമായെങ്കിലും ബാങ്കിനെ രക്ഷപ്പെടുത്താന്‍ ഇതുവഴി സാധിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള അര ഡസന്‍ ബാങ്കുകള്‍ അധിക ഇക്വിറ്റി മൂലധനം പമ്പ് ചെയ്തതോടെ ഇക്വിറ്റി മൂലധനം 1,000 കോടിയില്‍ നിന്ന് 6,000 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തു.
26 ശതമാനം പങ്കാളിത്തത്തോടെ യെസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി എസ്ബിഐ മാറി. മൂന്നുവര്‍ഷത്തിനു ശേഷം എസ്എഫ്എസ്എ ക്രെഡിറ്റ് സ്യൂസിന്റെ 17.3 ബില്യണ്‍ ഡോളര്‍ എടിവണ്‍ ബോണ്ടുകള്‍ എഴുതി തള്ളിയിരിക്കയാണ്. മാത്രമല്ല മറ്റൊരു സ്വസ് ബാങ്ക്, യുബിഎസ് എജി 3 ബില്യണ്‍ ഡോളര്‍ പ്രതിസന്ധിയിലകപ്പെട്ട ബാങ്കിലേയ്ക്ക് ഒഴുക്കി.
അതേസമയം യെസ്ബാങ്ക് എടിവണ്‍ ബോണ്ടുകള്‍ എഴുതി തള്ളിയ ആര്‍ബിഐ നടപടി വിവാദമായിരുന്നു. ഇക്വിറ്റി മൂല്യം ആദ്യം എഴുതി തള്ളേണ്ടതായിരുന്നെന്ന് ബോണ്ട് ഉടമകള്‍ വാദിച്ചു. ബോണ്ട് ഉടമകള്‍ ആര്‍ബിഐക്കെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിന് തുനിയുകയും ചെയ്തു.
എടിവണ്‍ ബോണ്ടുകള്‍ എഴുതിതള്ളാനുള്ള എസ്എഫ്എസ്എയുടെ തീരുമാനവും വിവാദമുയര്‍ത്തി. തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടസാധ്യതയുള്ള ബോണ്ടുകളില്‍ തങ്ങളുടെ അധിക ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ സ്ഥാപനങ്ങള്‍ ഇനി തയ്യാറാകില്ല.