കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

എഫ്‌&ഒയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓഹരികളില്‍ മുന്നേറ്റം

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സില്‍ (എഫ്‌&ഒ) നിന്നും ഒഴിവാക്കപ്പെട്ടതിനു ശേഷം ചില ഓഹരികള്‍ ശക്തമായ മുന്നേറ്റം നടത്തി. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ഓഹരികളുടെ പ്രകടനം വിലയിരുത്തുമ്പോഴാണ്‌ ഇത്‌ വ്യക്തമാകുന്നത്‌.

എഫ്‌&ഒയിലെ വ്യാപാരം ഇല്ലാതാകുമ്പോള്‍ ഓഹരികള്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ടെന്ന പരമ്പരാഗത ധാരണയെ തിരുത്തുന്നതാണ്‌ ഈ കണക്കുകള്‍.

2020നും 2022നും ഇടയില്‍ എഫ്‌&ഒയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓഹരികള്‍ നല്‍കിയ ആറ്‌ മാസത്തെ ശരാശരി നേട്ടം 7.72 ശതമാനമാണ്‌. ഒരു വര്‍ഷത്തെ ശരാശരി നേട്ടം 53.90 ശതമാനവും.

ഇക്കാലയളവില്‍ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട 14 ഓഹരികളില്‍ എട്ടും ഒരു വര്‍ഷത്തിനുള്ളില്‍ നേട്ടം നല്‍കി. കഴിഞ്ഞ മെയ്‌ 26നാണ്‌ വേള്‍പൂളിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കിയത്‌.

മാര്‍ച്ച്‌ 27ന്‌ വേള്‍പൂളിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കുകയാണെന്ന്‌ അറിയിപ്പ്‌ വന്നതിനു ശേഷം ഈ ഓഹരിയുടെ വില ഏഴ്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

എഫ്‌&ഒയിലെ വ്യാപാരം ഇല്ലാതാകുമ്പോള്‍ ഓഹരികള്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ടെന്ന ധാരണ തെറ്റാണെന്ന്‌ തെളിയിക്കുകയാണ്‌ സമീപകാലത്തെ കണക്കുകള്‍.

എഫ്‌&ഒയില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗിനു (ഓഹരി വില ഇടിയുമെന്ന പ്രതീക്ഷയില്‍ ഫ്യൂച്ചേഴ്‌സില്‍ വില്‍പ്പന നടത്തുന്നതാണ്‌ ഷോര്‍ട്ട്‌ സെല്ലിംഗ്‌. ഓഹരി ഇടിയുമ്പോള്‍ വാങ്ങുന്നതിലൂടെ ലാഭമുണ്ടാക്കുകയാണ്‌ ഈ രീതിയുടെ ലക്ഷ്യം.) വിധേയമാകാറുണ്ട്‌.

എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്നതോടെ ഒരു ദിവസത്തേക്ക്‌ മാത്രമായുള്ള (ഇന്‍ട്രാ ഡേ) ഷോര്‍ട്ട്‌ സെല്ലിംഗ്‌ മാത്രമേ സാധ്യമാവുകയുള്ളൂ. ഇത്തരത്തില്‍ വില്‍പ്പന സമ്മര്‍ദം കുറയുമ്പോള്‍ ഓഹരി വില ഉയരാനുള്ള സാധ്യതയുണ്ടെന്ന്‌ അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.

എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട ഓഹരികള്‍ അടുത്ത ആറ്‌ മാസത്തിനുള്ളില്‍ നേട്ടം നല്‍കിയാല്‍ ഒരു വര്‍ഷ കാലയളവില്‍ നേട്ടം ഉയര്‍ത്തുന്ന പ്രവണതയും ദൃശ്യമായി.

ഉദാഹരണത്തിന്‌ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടതിനു ശേഷമുള്ള ആറ്‌ മാസ കാലയളവില്‍ 100 ശതമാനം ഉയര്‍ന്ന എന്‍സിസി ഒരു വര്‍ഷത്തിനുള്ളില്‍ 200 ശതമാനമായി നേട്ടം ഉയര്‍ത്തി.

ജസ്റ്റ്‌ ഡയല്‍ ആറ്‌ മാസ കാലയളവില്‍ 70 ശതമാനം ഉയര്‍ന്നതിനു ശേഷം ഒരു വര്‍ഷ കാലയളവില്‍ 200 ശതമാനം നേട്ടം രേഖപ്പെടുത്തി.

2020ല്‍ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട 13 ഓഹരികളില്‍ പത്തും ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ നേട്ടമാണ്‌ നല്‍കിയത്‌.

സെഞ്ചുറി ടെക്‌സ്റ്റൈല്‍സ്‌, ഇക്വിറ്റാസ്‌ ഹോള്‍ഡിംഗ്‌സ്‌, ഉജ്ജിവന്‍, എന്‍സിസി, ജസ്റ്റ്‌ ഡയല്‍, അദാനി പവര്‍, സി ഇ എസ്‌ സി, ഓയില്‍ ഇന്ത്യ, ഡിഷ്‌ ടിവി, എന്‍ബിസിസി, ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ എന്നിവ 7.28 ശതമാനം മുതല്‍ 653.74 ശതമാനം വരെയാണ്‌ നേട്ടം നല്‍കിയത്‌.

X
Top