
കൊച്ചി: വൈദ്യുതിനിരക്കുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയിരിക്കുന്ന കണക്കുകളിൽ ദുരൂഹത. ബോർഡിന്റെ 2023-24 സാമ്പത്തികവർഷത്തെ ഓഡിറ്റഡ് കണക്കും നിരക്കുവർധനയ്ക്കായി സംസ്ഥാന റെഗുലേറ്ററി കമ്മിഷനുസമർപ്പിച്ച കണക്കുകളുംതമ്മിലാണ് അന്തരമുള്ളത്.
ഓഡിറ്റഡ് കണക്കുകൾപ്രകാരം 2023-24 സാമ്പത്തികവർഷത്തിൽ ആകെ ചെലവ് 22,336.49 കോടിരൂപയാണ്. 2023-24 സാമ്പത്തികവർഷം ആകെ വിറ്റ വൈദ്യുതി 2569.80 കോടി യൂണിറ്റാണെന്ന് കമ്മിഷനുസമർപ്പിച്ച നിരക്കുവർധന താരിഫ് ഹർജിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അങ്ങനെയെങ്കിൽ, ആകെ ചെലവിനെ ആകെ വിറ്റ വൈദ്യുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് ബോർഡിനുവരുന്ന ചെലവ് 8.69 രൂപയാണ്.
എന്നാൽ, വൈദ്യുതിബോർഡ് റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ഒരു യൂണിറ്റ് വൈദ്യുതിവിതരണത്തിനുള്ള ശരാശരി ചെലവ് 7.32 രൂപയാണ്. യൂണിറ്റിനുള്ള യഥാർഥ ചെലവിനേക്കാൾ 1.37 രൂപ കുറവ്. അത് 2569.80 യൂണിറ്റിലേക്കുവരുമ്പോൾ 3520.62 കോടി. ഇത്രയുംരൂപ കുറച്ചാണ് ചെലവുകാണിച്ചിരിക്കുന്നത്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് താരിഫ് നിരക്ക് വർധനയ്ക്കായി ഹർജി നൽകുമ്പോൾ ശരിക്കുള്ള ചെലവ് കാണിക്കില്ല. കാണിച്ചാൽ വലിയ നിരക്കുവർധന വേണ്ടിവരും.
ഒറ്റയടിക്ക് വൻവർധനയുണ്ടായാൽ ജനം എതിരാവും.
പകരം, ചെലവിൽ കുറവുകാണിച്ച്, ആദ്യം റെഗുലേറ്ററി കമ്മിഷനോട് ചെറിയ വർധനമാത്രം ആവശ്യപ്പെടും. പിന്നെ ട്രൂ അപ് ഹർജിയെന്നനിലയ്ക്ക് ശരിക്കുള്ള ചെലവുകണക്ക് കൊടുക്കും.
അപ്പോൾ ഫ്യുവൽ സർചാർജ് പോലുള്ള പേരുകളിൽ കമ്മിഷൻ വീണ്ടും നിരക്കുവർധനയ്ക്ക് അനുമതി നൽകും. ഈ വർധനയ്ക്ക് ഹിയറിങ്ങോ പരിശോധനയോ ഒന്നുമുണ്ടാവില്ല. ഇതിനെ ചെറിയ വർധനയായേ ജനം കാണൂ.
ആദ്യം കുറച്ചും പിന്നീട് ഓരോഘട്ടങ്ങളിലായി ഉപഭോക്താക്കളിൽനിന്ന് കൂടുതലും പിരിച്ചെടുക്കുന്നതാണ് ബോർഡ് കാലങ്ങളായി തുടരുന്ന രീതി. 2023-24 ലെ ഓഡിറ്റഡ് കണക്കുകൾപ്രകാരം വൈദ്യുതി ബോർഡിന്റെ ആകെ വരുമാനം 21,802.48 കോടിരൂപയാണ്.
ആകെ വിറ്റ വൈദ്യുതിയായ 2569.80 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു യൂണിറ്റിന് ഉപഭോക്താവിൽനിന്ന് 8.39 രൂപ ഫിക്സഡ് ചാർജടക്കം പിരിച്ചെടുത്തുവെന്ന് അനുമാനിക്കേണ്ടിവരും.
റെഗുലേറ്ററി കമ്മിഷൻ ശരാശരി താരിഫ് നിരക്കായി യൂണിറ്റിന് നിശ്ചയിച്ചിരിക്കുന്നത് 6.90 രൂപ മാത്രമായിരിക്കെയാണിത്.