- 11 വ്യത്യസ്ത റെഡി ടു ഈറ്റ് ബഫലോ മീറ്റ് വിഭവങ്ങൾ അവതരിപ്പിച്ചു
- തൂശനിലയും പന്ത്രണ്ട് ഓണ വിഭവങ്ങളും അടങ്ങുന്ന റെഡി ടു ഈറ്റ് ഓണസദ്യ പായ്ക്കും
രാജ്യത്തെ മുൻനിര റെഡി ടു ഈറ്റ് ഭക്ഷ്യോത്പന്ന ബ്രാൻഡ് ആയ ടേസ്റ്റി നിബിള്‍സ് ഒരു ഡസനിലേറെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ ഉത്പന്ന ശ്രേണി വിപുലീകരിച്ചു. പതിനൊന്ന് വ്യത്യസ്ത റെഡി ടു ഈറ്റ് ബഫലോ മീറ്റ് വിഭവങ്ങൾക്ക് പുറമെ ഓണ വിപണി ലക്ഷ്യമിട്ട് സദ്യ വിഭവങ്ങള്‍ അടങ്ങുന്ന റെഡി ടു ഈറ്റ് ഓണസദ്യ കിറ്റും പുറത്തിറക്കി. പ്രശസ്ത തെന്നിന്ത്യന്‍ സിനിമ താരം മഡോണ സെബാസ്റ്റ്യനും ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനും ചേര്‍ന്നാണ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിൽ അവതരിപ്പിച്ചത്.
കേരളത്തിന്റെ തനത് രുചികൾ രാജ്യത്തെമ്പാടും വിദേശത്തുമുള്ള മലയാളി ഭക്ഷണ പ്രിയർക്ക് അവർ ആഗ്രഹിക്കുന്ന അവസരത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെറിയാൻ കുര്യൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി വിദേശത്ത് കുടിയേറുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ടേസ്റ്റി നിബിൾസ് റെഡി- ടു- ഈറ്റ് ഓണ സദ്യ പായ്ക്ക് കമ്പനിയുടെ ഓൺലൈൻ സ്റ്റോർ (www.tastynibbles.in) വഴി മാത്രമാണ് വിപണനം. ഓർഡർ അനുസരിച്ച് രാജ്യത്തെ ഇരുപതിനായിരത്തോളം പിൻകോഡുകളിൽ ഉത്പന്നം ലഭ്യമാക്കാൻ കഴിയുമെന്ന് സെയിൽസ് & മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുനിൽ കൃഷ്ണൻ അറിയിച്ചു.
ഉന്നത ഗുണനിലവാരത്തിലും രുചിമേന്മയിലും തയ്യാറാക്കുന്ന ടേസ്റ്റി നിബിൾസ് വിഭവങ്ങൾ പ്രിസർവേറ്റീവുകൾ ചേർക്കാതെ റിട്ടോർട്ട് പ്രോസസിങ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പായ്ക്ക് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്. ഭക്ഷണത്തിന്‍റെ സ്വാഭാവിക രുചിയും പോഷകമൂല്യവും പൂർണ്ണമായി നിലനിർത്താൻ ഇതിലൂടെ കഴിയുന്നു. 18 മാസം മുതൽ 2 വർഷം വരെ ഈ വിഭവങ്ങൾ യാതൊരു കേടും കൂടാതെ സൂക്ഷിക്കാൻ കഴിയും. വിവിധ മത്സ്യ വിഭവങ്ങൾ, ഇറച്ചി വിഭവങ്ങൾ, ബിരിയാണികള്‍, കറികള്‍, അച്ചാറുകള്‍, സ്നാക്സ് എന്നിവയുള്‍പ്പെടെ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ടേസ്റ്റി നിബിള്‍സിൻ്റേതായുണ്ട്.
സംസ്കരിച്ച സമുദ്ര വിഭവങ്ങളുടെ രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരായ എച്ച്ഐസി-എബിഎഫ് സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ 2001-ലാണ് ടേസ്റ്റി നിബിള്‍സ് ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്‍റര്‍നാഷണല്‍ കോര്‍പറേഷന്‍ ആണ് പ്രധാന ഓഹരി പങ്കാളി.