
ഹൈദരാബാദ്: രാജ്യത്ത് സ്വകാര്യ മേഖലയിൽ നിന്ന് ആദ്യമായി എയർക്രാഫ്റ്റ് നിർമാണത്തിന് തുടക്കമിട്ടിരിക്കുകയാണ് ടാറ്റ. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് സ്വപ്നത്തിന് പിന്തുണ നൽകിയാണ് ടാറ്റ രാജ്യത്തെ എയർക്രാഫ്റ്റ് നിർമാണ രംഗത്തേക്ക് കടന്നത്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് രാജ്യത്ത് എയർക്രാഫ്റ്റുകൾ നിർമിക്കുന്നത്. ഗുജറാത്തിൽ ആണ് നിർമാണം. ആദ്യ ഘട്ടത്തിൽ 40 എയർക്രാഫ്റ്റുകളാണ് നിർമിക്കുന്നത്.
എയർക്രാഫ്റ്റ് നിർമാണത്തിൽ എയർബസാണ് ടാറ്റക്ക് പിന്തുണ നൽകുന്നത്. രാജ്യത്ത് 15,000ത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ നീക്കം.
ലോകമെമ്പാടും എയർക്രാഫ്റ്റുകൾക്ക് ഡിമാൻഡ് ഉള്ളതിനാൽ മികച്ച കയറ്റുമതി സാധ്യതകളുമുണ്ടാകും എന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്ര ശേഖരൻ വ്യക്തമാക്കുന്നു.
പറക്കുമോ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്?
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ ഹെലികോപ്റ്റർ നിർമിക്കാൻ എയർബസുമായി ടാറ്റ നേരത്തെ കരാറുണ്ടാക്കിയിരുന്നു.
എയർബസിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എച്ച്125 ഹെലികോപ്റ്റർ ഇന്ത്യയ്‌ക്കായി നിർമ്മിക്കുകയും അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് ലക്ഷ്യം. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ ഉത്തേജനമാണ് സ്വകാര്യമേഖലയിലെ ടാറ്റയുടെ ഈ പുതിയ പദ്ധതികൾ.
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എയർബസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മെയ്ക്ക്-ഇൻ-ഇന്ത്യ സിവിൽ ഹെലികോപ്റ്ററുകൾ രാജ്യത്തെ ഹെലികോപ്റ്റർ വിപണിയ്ക്ക് ആത്മവിശ്വാസം നൽകും.
ടാറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റം വികസിപ്പിക്കുമെന്ന് എയർബസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ വഡോദരയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സി 295 സൈനിക വിമാന നിർമാണ കേന്ദ്രത്തിന് ശേഷം എയർബസിൻെറ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൂട്ടുകെട്ടാണിത്.
ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ അസംബ്ലി സൗകര്യമാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററാണ് എയർബസ് എച്ച്125.
മെഡിക്കൽ സേവനങ്ങൾ, ദുരന്ത നിവാരണ സംവിധാനങ്ങൾ, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ ഇത് ഉപയോഗിക്കാനാകും.