ടാറ്റാ ടെക്‌നോളജീസിന്റെ ബമ്പര്‍ ലിസ്റ്റിംഗിനു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നും മറ്റൊരു ഐപിഒ കൂടി വിപണിയിലെത്തുന്നു. 15,000 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റാ കാപ്പിറ്റലിന്റെ ഐപിഒ 2025ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച ലിസ്റ്റിംഗ് നേട്ടം നല്‍കിയ ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ നടന്നത് 2024ല്‍ ആയിരുന്നു. ഇതിനു ശേഷം ഗ്രൂപ്പില്‍ നിന്നുള്ള അടുത്ത ഐപിഒയുടെ വരവിനെയും നിക്ഷേപകര്‍ ഏറെ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്.
റിസര്‍വ് ബാങ്ക് എന്‍ബിഎഫ്‌സികളുടെ ലിസ്റ്റിംഗ് സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റാ കാപ്പിറ്റലിന്റെ പബ്ലിക് ഇഷ്യു നടത്തുന്നത്. ടാറ്റാ സണ്‍സിന്റെ സബ്‌സിഡറിയായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) ആണ് ടാറ്റാ കാപ്പിറ്റല്‍.
2025 സെപ്‌റ്റംബറില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് “അപ്പര്‍ ലെയര്‍” എന്‍ബിഎഎഫ്‌സികള്‍ മൂന്ന് വര്‍ഷത്തിനകം ലിസ്റ്റ് ചെയ്‌തിരിക്കണം. ആര്‍ബിഐയുടെ പട്ടികയിലുള്ള ഈ നിബന്ധന പാലിക്കാന്‍ നിര്‍ബന്ധിതമായ കമ്പനികളിലൊന്നാണ് 2024ല്‍ ടാറ്റാ കാപ്പിറ്റലില്‍ ലയിച്ച ടാറ്റാ കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
ആര്‍ബിഐയുടെ പട്ടികയിലുള്ള മറ്റൊരു എന്‍ബിഎഫ്‌സി ആയ ബജാജ് ഹൗസിംഗ് ഫിനാന്‍സ് കഴിഞ്ഞ സെപ്‌റ്റംബര്‍ 16നാണ് ലിസ്റ്റ് ചെയ്‌തത്. ഈ ഓഹരി 135 ശതമാനം നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്‌ത ദിവസം ക്ലോസ് ചെയ്‌തത്.
ടാറ്റാ ഗ്രൂപ്പിന്റെ എന്‍ജിനീയറിംഗ് കമ്പനിയായ ടാറ്റാ പ്രൊജക്‌ട്‌സിന്റെ ലിസ്റ്റിംഗ് അടുത്ത 12-18 മാസത്തിനുള്ളില്‍ നടക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് ഈയിടെ അറിയിച്ചിരുന്നു. ന്യൂ ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ കമ്പനിയാണ് ടാറ്റാ പ്രൊജക്‌ട്‌സ്.
കഴിഞ്ഞ വര്‍ഷം ടാറ്റാ ടെക്‌നോളജീസാണ് ഏറ്റവുമൊടുവില്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഐപിഒ നടത്തിയത്. 2004ലെ ടിസിഎസിന്റെ ഐപിഒയ്‌ക്കു ശേഷം 19 വര്‍ഷം പിന്നിട്ടപ്പോഴാണ് മറ്റൊരു ടാറ്റാ ഗ്രൂപ്പ് കമ്പനി പബ്ലിക് ഇഷ്യു നടത്തിയത്.