മുംബൈ: കമ്പനിയുടെ ഫുഡ് ബിസിനസ്സിൽ നിന്ന് മികച്ച ലാഭം പ്രതീക്ഷിച്ച് ടാറ്റ കൺസ്യൂമർ. വ്യത്യസ്തമായ പോർട്ട്‌ഫോളിയോ, ശക്തമായ വിതരണ ശൃംഖല, മെച്ചപ്പെട്ട വിപണന മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് വിപുലമായ അടിത്തറ കെട്ടിപ്പടുത്തുകൊണ്ട് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ ഫുഡ് ബിസിനസ്സ് ഗണ്യമായ ലാഭം ഉണ്ടാക്കുമെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് പ്രതീക്ഷിക്കുന്നു.
ടാറ്റ സാൾട്ട്, ടെറ്റ്‌ലി ടീ ബാഗുകൾ എന്നിവ വിൽക്കുന്ന കമ്പനി കൺസ്യൂമർ ഗുഡ്‌സ് മേഖലയിൽ ഭക്ഷണ പാനീയങ്ങൾക്കപ്പുറമുള്ള സാധ്യതകൾ ആരായുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുനിൽ ഡിസൂസ പറഞ്ഞു. ടാറ്റ കൺസ്യൂമറിന് ചരിത്രപരമായി ഒരു ഫുഡ് കമ്പനിയുടെ ഡിഎൻഎ ഉണ്ടെന്നും, വൈവിധ്യവൽക്കരണത്തിന് ആവശ്യമായ കഴിവുകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൗറിഷ്‌കോ, സോൾഫുൾ, സ്മാർട്ഫുഡ്‌സ് തുടങ്ങിയവയുടെ ഏറ്റെടുക്കലുകൾക്കും പ്രവർത്തന മൂലധനത്തിനുമായി കമ്പനി ഈയിടെ ഏകദേശം 800 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. കൂടാതെ ടാറ്റ കൺസ്യൂമർ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ ബ്രാൻഡുകൾക്ക് കീഴിൽ നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ അവതരിപ്പിച്ചിരുന്നു.