
മുംബൈ: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ (ടിസിപിഎൽ) സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 36% വർധിച്ച് 355 കോടി രൂപയായി ഉയർന്നു. മെച്ചപ്പെട്ട വിൽപനയുടെയും ലാൻഡ് പാഴ്സൽ വിൽപ്പനയിലൂടെ ഒറ്റത്തവണ നേട്ടമുണ്ടാക്കിയതിന്റെയും പശ്ചാത്തലത്തിലാണ് അറ്റാദായത്തിൽ കുത്തനെയുള്ള വർധനയുണ്ടായത്.
കമ്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനം 9% വർധിച്ച് 2,160 കോടി രൂപയായതിനാൽ പ്രവർത്തന വരുമാനം 11 ശതമാനം മെച്ചപ്പെട്ട് 3,363 കോടി രൂപയായി. ഒരു ലാൻഡ് പാഴ്‌സൽ വിറ്റതിലൂടെ കമ്പനിക്ക് 111 കോടി രൂപ ലഭിച്ചു.
എന്നിരുന്നാലും, പ്രസ്തുത പാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 13.0% ആയി ചുരുങ്ങി. ഇന്ത്യൻ ബിസിനസിനെ സംബന്ധിച്ചിടത്തോളം ബിവറേജസ് വരുമാനം 7% കുറഞ്ഞപ്പോൾ, ത്രൈമാസത്തിൽ കമ്പനി തേയിലയുടെ വിപണി വിഹിതം 46 ബിപിഎസ് ഉയർത്തി. കൂടാതെ സെപ്റ്റംബർ അവസാനത്തോടെ കമ്പനി അതിന്റെ വിതരണ ചാനൽ മെച്ചപ്പെത്തി. കമ്പനിക്ക് നിലവിൽ 1.4 ദശലക്ഷം വിതരണക്കാരാണ് ഉള്ളത്.
സാധാരണ നിലയിലായ സ്റ്റോർ പ്രവർത്തനങ്ങളും വീടിന് പുറത്തുള്ള ഉപഭോഗത്തിലെ പുനരുജ്ജീവനവും വഴി ടാറ്റ സ്റ്റാർബക്‌സിന്റെ ഈ പാദത്തിലെ വരുമാനം 57 ശതമാനത്തിന്റെ ശക്തമായ വളർച്ച കൈവരിച്ചതായി ടിസിപിഎൽ പറഞ്ഞു. ഈ പാദത്തിൽ ഇത് 25 പുതിയ സ്റ്റോറുകൾ തുറന്നു, ഇതോടെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളുടെ എണ്ണം 300 ആയി വർധിച്ചു.