
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഒരു കമ്പനിയിലെ ഭൂരിപക്ഷം ഓഹരികൾ കൂടി ടാറ്റ ഏറ്റെടുത്തേക്കുമെന്നു റിപ്പോർട്ട്. ചിംഗ്‌സ് സീക്രട്ടിന്റെ മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികളാകും ടാറ്റ ഏറ്റെടുക്കുക.
ഇൻസ്റ്റന്റ് നൂഡിൽസ്, ഹക്ക നൂഡിൽസ്, സൂപ്പുകൾ, സോസുകൾ, ഷെസ്വാൻ ചട്നി, ദേശി ചൈനീസ് മസാലകൾ തുടങ്ങി ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്.
കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് ദ്രുതഗതിയിലാക്കിയെന്നാണു റിപ്പോർട്ട്. ടാറ്റ ടീ, ടെറ്റ്ലി, ടാറ്റ സാൾട്ട് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ പിന്നണിക്കാരായ ടാറ്റ കൺസ്യൂമർ ആണ്, ക്യാപിറ്റൽ ഫുഡ്സിൽ നിയന്ത്രിത ഓഹരി ഉറപ്പിക്കുന്നുള്ള ശ്രമങ്ങൾ നടത്തുന്നത്.
ക്യാപിറ്റൽ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അജയ് ഗുപ്തയും, പ്രധാന ഓഹരിയുടമകളായ ഇൻവസ് ഗ്രൂപ്പ്, ജനറൽ അറ്റ്ലാന്റിക് എന്നിവർ 2022 ലാണ് കമ്പനിയെ വിറ്റഴിക്കാൻ തീരുമാനിച്ചത്.
ക്യാപിറ്റൽ ഗുഡ്‌സിന് ടാറ്റ കാണുന്ന മൂല്യം 5,500 കോടി രൂപയാണെന്നാണു റിപ്പോർട്ട്. കമ്പനിയെ കൂടെ കൂട്ടാനായാൽ ടാറ്റയ്ക്ക് എഫ്എംസിജി വിപണിയിൽ മികച്ച മുൻതൂക്കം ലഭിക്കുമെന്നു വിദഗ്ധർ പറയുന്നു.
നെസ്ലെ, ക്രാഫ്റ്റ് ഹെയ്ൻസ് തുടങ്ങിയ മറ്റ് എഫ്എംസിജി ഭീമന്മാർക്ക് ടാറ്റയുടെ കടന്നുവരവ് വെല്ലുവിളിയാകും. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ടാറ്റ ഇതുവരെ തയ്യാറായിട്ടില്ല.
ഏറ്റെടുപ്പ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിനും ദീർഘകാലത്ത് മികച്ച നേട്ടമായേക്കും.
ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരം 963 ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഈ വർഷം ഇതുവരെ നിക്ഷേപകർക്ക് 25 ശതമാനത്തോളം നേട്ടം നൽകാൻ ടാറ്റയുടെ കൺസ്യൂമർ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ടാറ്റയുടെ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്‌ലെയ്ക്കും, ഐടിസിക്കും ആകും. നെസ്ലെയുടെ മാഗി നിലവിൽ ബ്രാൻഡഡ് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിൽ ആധിപത്യം പുലർത്തുന്നു.
വിപണിയുടെ ഏകദേശം 60 ശതമാനം വിഹിതവും മാഗി അവകാശപ്പെടുന്നു. തൊട്ടുപിന്നിലുള്ളത് ഐടിസിയുടെ സൺഫീസ്റ്റ് യിപ്പീ ന്യൂഡിൽസ് ആണ്. ടാറ്റയുടെ ഉൽപ്പന്നങ്ങൾക്ക് സാധാരണഗതിയിൽ വിപണികളിൽ നല്ല പിന്തുണയാണ് ലഭിക്കാറുള്ളത്. ഇതാണ് നെസ്‌ലെയേയും, ഐടിസിയേയും കുഴയ്ക്കുന്നത്.
1995 ലാണ് അജയ് ഗുപ്ത ക്യാപിറ്റൽ ഫുഡ്സ് സ്ഥാപിച്ചത്. ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനിയിൽ നിന്നു ലഭിച്ച അതുല്യ പിന്തുണയാണ് ബ്രാൻഡിനെ അതിവേഗം വളർത്തിയത്.
2013 -ൽ, ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസ്, ക്യാപിറ്റൽ ഫുഡ്സിലെ 44 ശതമാനം ഓഹരികൾ യൂറോപ്യൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ആർട്ടൽ ഗ്രൂപ്പിന് 180 കോടി രൂപയ്ക്ക് വിറ്റു.
ഇത് ചിംഗ്‌സ് സീക്രട്ട്, സ്മിത്ത് & ജോൺസ് തുടങ്ങിയ ബ്രാൻഡുകൾക്ക് പേരുകേട്ട ആഭ്യന്തര ഭക്ഷ്യ കമ്പനിയുടെ മൂല്യം ഏകദേശം 400 കോടി രൂപയിലെത്തിച്ചു.