
മുംബൈ: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് (ടിസിപിഎൽ) എപ്രിൽ-ജൂൺ പാദത്തിൽ 277 കോടി രൂപയുടെ അറ്റാദായം നേടി, ഇത് മെച്ചപ്പെട്ട വിൽപ്പനയുടെയും മാർജിനിന്റെയും പിൻബലത്തിൽ 38 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം ഉയർന്ന് 3,327 കോടി രൂപയിലെത്തി. അതിൽ അതിന്റെ ബ്രാൻഡഡ് ഇതര ബിസിനസ്സ് വരുമാനം 25% വളർന്നു. ടാറ്റയുടെ എഫ്എംസിജി വിഭാഗമായ കമ്പനിയുടെ പ്രവർത്തന മാർജിൻ കഴിഞ്ഞ വർഷത്തേക്കാൾ 40 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്നു. അതേപോലെ ഈ ത്രൈമാസത്തിൽ കമ്പനി പരസ്യങ്ങൾക്കായി 34% കൂടുതൽ ചെലവഴിച്ചതിനാൽ കമ്പനിയുടെ മൊത്തം ചെലവ് 10% ഉയർന്ന് 2,959 കോടി രൂപയായി.
ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന് അസാധാരണമായ 23 കോടി രൂപ ചിലവായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ടിസിപിഎല്ലിന്റെ ഇന്ത്യയിലെ പാക്കേജ്ഡ് ബിവറേജസ് ബിസിനസ്സിൽ നിന്നുള്ള വരുമാനം 4% കുറഞ്ഞു, എന്നാൽ വില്പന അളവ് 1% വർദ്ധിച്ചു. ഈ വിഭാഗത്തിലെ കമ്പനിയുടെ വിപണി വിഹിതം 40 ബിപിഎസ് മെച്ചപ്പെട്ടു.
അതേസമയം ഈ പാദത്തിൽ കമ്പനിയുടെ ഫുഡ്‌സ് ബിസിനസ് വരുമാനം19% വർദ്ധിക്കുകയും വിപണി വിഹിതം 400 ബിപിഎസ് മെച്ചപ്പെട്ടുകയും ചെയ്തു. കൂടാതെ ഈ കാലയളവിൽ ടാറ്റ സ്റ്റാർബക്‌സിന്റെ വരുമാനം 238 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ആദ്യ പാദത്തിൽ കമ്പനി ഏഴ് പുതിയ സ്റ്റോറുകൾ തുറക്കുകയും നാല് പുതിയ നഗരങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു, ഇതോടെ സ്ഥാപനത്തിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 275 ആയി.