മുംബൈ: ഒരൊറ്റ പൈസ പോലും പരസ്യത്തിനായി ചെലവഴിക്കാതെ ടാറ്റ(Tata) നേടുന്ന വരുമാനം 7,000 കോടിക്ക് മുകളിലാണ്. മിഡിൽ ക്ലാസ്സിനെ ലക്ഷ്യം വെച്ച് ടാറ്റ ആരംഭിച്ച ബ്രാൻഡാണ് സുഡിയോ(Zudio).
എന്നാൽ, പരസ്യങ്ങൾക്കായി(Advertisements) പണം ചിലവഴിക്കുകയോ കിഴിവുകൾ വാഗ്ദാനം ചെയ്യുകയോ ചെയ്യാതെയാണ് ടാറ്റ ഉയർന്ന വരുമാനം ഉറപ്പാക്കുന്നത്.
പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് പകരം, ഉപഭോക്താക്കളെ ആകർഷിക്കാൻ ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ആണ് സുഡിയോ നൽകുന്നത്.
ടാറ്റയുടെ ഈ തന്ത്രം ഫലപ്രദമാണെന്ന് സുഡിയോയുടെ വരുമാന കണക്കുകൾ തന്നെ തെളിയിക്കുന്നു. പരസ്യ കാമ്പെയ്‌നുകളിൽ വലിയ പണം മുടക്കാത്തതിനാൽ ടാറ്റയ്ക്ക് ചിലവുകൾ കുറയുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഉത്പന്നങ്ങൾ എത്തിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞു.
പരമ്പരാഗത വിപണന രീതികളേക്കാൾ ഉൽപ്പന്ന ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് എങ്ങനെ വിജയം നേടാമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് സുഡിയോ.
കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പരമാവധി പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നതാണ് സൂഡിയോയിലെ വിൽപന വർധിക്കുന്നതിന് കാരണം.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്.
2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, വെസ്റ്റ്സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകളാണ് ഉണ്ടായിരുന്നത്.
2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.