വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ടെസ്ലയുടെ ഏപ്രിലിലെ മാസ് എൻട്രിയിൽ ചങ്കിടിപ്പോടെ ടാറ്റ ഗ്രൂപ്പ്

ലോകത്തെ ഏറ്റവും സമ്പന്ന വ്യവസായിയായ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ളതും അമേരിക്കൻ ബഹുരാഷ്ട്ര വൈദ്യുത വാഹന നിർമാതാക്കളുമായ ടെസ്ല, ഇന്ത്യയിലേക്കുളള രംഗപ്രവേശം അധികം വൈകില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇതോടെ ഇന്ത്യൻ വാഹന വ്യവസായ ലോകത്തും ടെസ്ലയുടെ കടന്നുവരവിന് മുന്നോടിയായുള്ള അനുരണനങ്ങൾ കണ്ടുതുടങ്ങി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മിക്ക ഓട്ടോമോബീൽ സ്റ്റോക്കുകളിലും വിൽപ്പന സമ്മർദം പ്രകടമാണ്.

അതേസമയം ടെസ്ലയുടെ മാസ് എൻട്രിയിൽ ഏറ്റവുമധികം ചങ്കിടിപ്പ് ഉയരുന്നത്, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊന്നും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നുമായ ടാറ്റ മോട്ടോഴ്സിന് ആണ്.

പ്രധാനമായും മൂന്ന് തരത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനങ്ങളെ ടെസ്ലയുടെ കടന്നുവരവ് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്. രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ നിലവിലെ മേധാവിത്തം ടാറ്റ ഗ്രൂപ്പിനായതിനാൽ പ്രത്യേകിച്ചും. എങ്ങനെയെന്ന് ചുവടെ ചേർക്കുന്നു.

മൂന്ന് തരത്തിൽ തിരിച്ചടി
വിപണി മേധാവിത്വത്തിന് നേരെ ഉയരാവുന്ന വെല്ലുവിളി, ടാലന്റ് ഡ്രെയിൻ അഥവാ കമ്പനിയിൽ നിന്നും വിഗദ്ധരുടെ കൊഴിഞ്ഞുപോക്ക്, വിപണിയിലുണ്ടാകാവുന്ന പരിവർത്തനം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വെല്ലുവിളിയാകും ടെസ്ലയുടെ ഇന്തയിലേക്കുള്ള കടന്നുവരവോടെ ടാറ്റ മോട്ടോഴ്സിന് പ്രധാനമായും നേരിടേണ്ടിവരിക.

2024-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ വൈദ്യുത വാഹന (ഇവി) വിപണിയുടെ 62 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോഴ്സിന്റെ കൈവശമുള്ളത്. 2023-ൽ ഇത് 73 ശതമാനമായിരുന്നു.

അതായത് ഇന്ത്യയിലെ മറ്റുള്ള വാഹന നിർമാതാക്കളിൽ നിന്നും കനത്ത മത്സരം നേരിടുന്നതിനിടെയാണ് ആഗോള വൈദ്യുത വാഹന വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ച ടെസ്ലയിൽ നിന്നുള്ള വെല്ലുവിളിയും ടാറ്റ മോട്ടോഴ്സ് നേരിടേണ്ടത്. ഇതിലൂടെ നിലവിലെ വിപണി വിഹിതത്തിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത വർധിക്കുകയാണെന്ന് സാരം.

അതുപോലെ ഇന്ത്യയിൽ ആരംഭിക്കുന്ന ടെസ്ലയുടെ കമ്പനിയിലേക്ക് പ്രധാനപ്പെട്ട 13 തസ്തികളിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയുടെ പൾസ് അടുത്തറിഞ്ഞതും വൈദ്യുത വാഹന വ്യവസായ മേഖലയിൽ വിദഗ്ധരുമായ ജീവനക്കാരെയാണ് ടെസ്ല തേടുന്നത്. സ്വാഭാവികമായും രാജ്യത്ത് ശ്രദ്ധേയമായി പ്രവർത്തിക്കുന്ന വാഹന നിർമാതാക്കളുടെ കമ്പനികളിൽ ജോലി ചെയ്യുന്നവരിലേക്കും ടെസ്ലയുടെ മികച്ച ഓഫറുകൾ എത്തും.

അങ്ങനെ വിദഗ്ധർ കൊഴിഞ്ഞുപോയാൽ ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനങ്ങളേയും തന്ത്രപരമായ ആസൂത്രണങ്ങളേയും അത് പ്രതികൂലമായി ബാധിക്കാം.

കൂടാതെ ആഗോള വൈദ്യുത വാഹന വിപണിയിലെ മുൻനിരക്കാരായ ഒരു കമ്പനി, ഇന്ത്യൻ വിപണിയിലേക്ക് കടന്നെത്തുകയും അവരുടെ നൂതന ഉത്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്താൽ രാജ്യത്തുള്ള ഉപഭോക്താക്കളുടെ താത്പര്യത്തിലും ഡിമാൻഡിലും ഒക്കെ മാറ്റം സംഭവിക്കാം.

അങ്ങനെയങ്കിൽ നിലവിലുള്ള ഉത്പന്നങ്ങളെ ടാറ്റ മോട്ടോഴ്സിനും ആഴത്തിൽ വിലയിരുത്തേണ്ടി വരും. അതുപോലെ കാറുകളുടെ വില നിർണയവും പൊളിച്ചെഴുതേണ്ടി വരും. മുന്തിയ സാങ്കേതികവിദ്യ ലഭ്യമാക്കേണ്ടിയും വരും. ഇതൊക്കെ കമ്പനിയുടെ പ്രകടനത്തിൽ അധിക സമ്മർദവും പ്രവർത്തന ചെലവ് ഉയരുകയും ചെയ്താൽ അതു ലാഭക്ഷമതയേയും ബാധിക്കാം.

ഏപ്രിലിൽ എത്തിയേക്കും?

ടെസ്ലയുടെ വൈദ്യുത കാറുകൾ 2025 ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും എന്നാണ് ദേശീയ മാധ്യമമായ സിഎൻബിസി ടിവി-18 റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ ജർമനിയിലുള്ള ടെസ്ലയുടെ പ്ലാന്റിൽ നിന്നും ഇന്ത്യയിലേക്ക് കാറുകൾ വിപണനത്തിനായി എത്തിക്കാനാണ് ശ്രമം.

നേരത്തെ, 25,000 ഡോളറിന് (ഏകദേശം 21.75 ലക്ഷം രൂപ) താഴെയുള്ള കാർ മോഡലുകൾ അവതരിപ്പിക്കാനായിരുന്നു മസ്കും ടെസ്ലയും ഉദ്ദേശിച്ചിരുന്നത്.

എന്നാൽ കേന്ദ്ര സർക്കാർ 40,000 ഡോളറിന് (ഏകദേശം 35 ലക്ഷം രൂപ) താഴെ വിലയുള്ള വൈദ്യുത കാറുകളുടെ ഇറക്കുമതിക്ക് 70% ചുങ്കം ചുമത്തിയിട്ടുണ്ട്. ഇതിനിടെ 40,000 ഡോളറിന് മുകളിലുള്ള ആഡംബര വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. അതിനാൽ ടെസ്ല ഏത് കാറാകും ആദ്യം അവതരിപ്പിക്കു എന്നതിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളു.

നടപടികൾക്ക് വേഗത കൂടി
2023 ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പഞ്ച്ശീൽ ബിസിനസ് പാർക്കിൽ ടെസ്ലയുടെ (ടെസ്ല ഇന്ത്യ മോട്ടോർ & എനർജി പ്രൈവറ്റ് ലിമിറ്റഡ്) രാജ്യത്തെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.

പിന്നീട് കാറുകളുടെ ഇറക്കുമതി തീരുവയിലും കേന്ദ്ര സർക്കാരിന്റെ ചില നിബന്ധനകളിലും തട്ടി ടെസ്ല കടന്നുവരാൻ മടിച്ചുനിന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ 2025 ഫെബ്രുവരിയിലെ യുഎസ് സന്ദർശനത്തിനിടെ ഇലോൺ മസ്കുമായി ചർച്ച നടന്നതോടെയാണ് ടെസ്ലയുടെ ഇന്ത്യൻ രംഗപ്രവേശത്തിനുള്ള നടപടികൾക്ക് വീണ്ടും ഗതിവേഗം വർധിച്ചത്.

മഹാരാഷ്ട്രയിൽ ഫാക്ടറി ആരംഭിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചു തുടങ്ങിയതായും മുംബൈയിലും ഡൽഹിയിലും ഷോറൂമുകൾ തുറക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്തായാലും ടെസ്ല എത്തുന്നതോടെ ഇന്ത്യൻ വാഹന വ്യവസായ മേഖലയും പുതുയുഗത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.

X
Top