ടാറ്റയുടെയും അംബാനിയുടെയും ഫാഷൻ ബ്രാൻഡുകൾ തമ്മിലുള്ള മത്സരം അനുദിനം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുകേഷ് അംബാനിയെ വെല്ലുവിളിച്ചുകൊണ്ട് ടാറ്റയുടെ പുതിയ ചുവടുവെപ്പിനാണ് ഫാഷൻ ലോകം സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യൻ റീട്ടെയിൽ ഭീമനായ ട്രെൻ്റ്, അതിൻ്റെ ഫാഷൻ ബ്രാൻഡായ സുഡിയോ ദുബായിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള ടാറ്റയുടെ ഫാഷൻ ബ്രാൻഡിന്റെ കടന്നുവരവ് പുതിയ ചരിത്രം തീർത്തേക്കാം.
ദുബായിലെ ആദ്യത്തെ സുഡിയോ സ്റ്റോർ സിലിക്കൺ ഒയാസിസ് മാളിൽ ആണ് ആരംഭിക്കുന്നത്. ട്രെൻ്റിൻ്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായിരിക്കും ഇതെന്നത് പ്രാധാന്യമർഹിക്കുന്നു.
സുഡിയോയുമായി വിദേശ വിപണിയിലേക്കുള്ള ട്രെൻ്റിൻ്റെ പ്രവേശനം ഒരു പരീക്ഷണമായിരിക്കുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന പ്രതികരണം അനുസരിച്ചായിരിക്കും വിപുലീകരണങ്ങൾ ഉണ്ടാകുകയെന്നും ട്രെൻ്റ് എക്സിക്യൂട്ടീവ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് വിപണി സാധ്യതകൾ വിലയിരുത്തുന്നതിന് ഈ ചുവടുവെപ്പ് സഹായിക്കുമെന്ന് കരുതുന്നതായും ട്രെൻ്റ് എക്സിക്യൂട്ടീവ് പറഞ്ഞു.
ട്രെൻ്റിൻ്റെ വെസ്റ്റ്സൈഡ് സ്റ്റോറുകൾ സാധാരണയായി 20,000 മുതൽ 30,000 ചതുരശ്ര അടി വരെയാണ് നിർമ്മിക്കാറുള്ളത് എന്നാൽ, സൂഡിയോ സ്റ്റോറുകൾ 7,000 മുതൽ 10,000 ചതുരശ്ര അടി വരെയാണ്.
ആഭ്യന്തര വിപണിയിൽ വളർച്ച കൈവരിച്ച ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ട്രെൻ്റിൻ്റെ തീരുമാനം.
2023-24 സാമ്പത്തിക വർഷത്തിൽ, 50% വർധനയാണ് ട്രെൻ്റിൻ്റെ വില്പനയിൽ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ അറ്റാദായവും 1477 കോടി രൂപയായി ഉയർന്നു.
ജൂൺ വരെ, ട്രെൻ്റ് 228 വെസ്റ്റ്സൈഡ് സ്റ്റോറുകളും 559 സൂഡിയോ സ്റ്റോറുകളും 36 മറ്റ് ലൈഫ്സ്റ്റൈൽ കൺസെപ്റ്റ് സ്റ്റോറുകളും തുറന്നിട്ടുണ്ട്.
സുഡിയോയുടെ പെട്ടെന്നുള്ള വളർച്ച ട്രെൻ്റിന് ഗുണം ചെയ്തിട്ടുണ്ട്.