ഉപ്പു തൊട്ട് സോഫ്‌റ്റ്‌വെയര്‍ വരെ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന വിപുലമായ കോര്‍പ്പറേറ്റ് ഗ്രൂപ്പായ ടാറ്റയുടെ വിപണിമൂല്യം അയല്‍ രാജ്യമായ പാകിസ്ഥാന്റെ ജിഡിപിയെ മറികടന്നു.
36,500 കോടി ഡോളര്‍ (30.3 ലക്ഷം കോടി രൂപ) ആണ് ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യമെങ്കില്‍ പാകിസ്ഥാന്റെ ജിഡിപി 34,100 കോടി ഡോളറാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ടിസിസിന്റെ വിപണിമൂല്യം പാകിസ്ഥാന്റെ ജിഡിപിയുടെ പകുതി വരും. 15 ലക്ഷം കോടി രൂപ (170,000 കോടി ഡോളര്‍) യാണ് ടിസിഎസിന്റെ വിപണിമൂല്യം.
ടാറ്റാ മോട്ടോഴ്‌സ്, ട്രെന്റ് തുടങ്ങിയ ഏതാനും ഓഹരികള്‍ ഈയിടെ രണ്ട് മടങ്ങാണ് വില ഉയര്‍ന്നത്. ടിസിഎസ്, ടാറ്റാ പവര്‍, ടൈറ്റാന്‍ എന്നിവയുടെയുടെയും ഓഹരി വിലയില്‍ ശക്തമായ മുന്നേറ്റമുണ്ടായി.
ഈയിടെ ലിസ്റ്റ് ചെയ്‌ത ടാറ്റാ ടെക്‌നോളജീസ് ഉള്‍പ്പെടെ എട്ട് ടാറ്റാ കമ്പനികളാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിപണിമൂല്യം ഇരട്ടിയാക്കിയത്. ടിആര്‍എഫ്, ട്രെന്റ്, ബനാറസ് ഹോട്ടല്‍സ്, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റാ മോട്ടോഴ്‌സ്, ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഒഫ് ഗോവ, ആര്‍ട്‌സണ്‍ എന്‍ജിനീയറിംഗ് എന്നിവയാണ് അവ.
ടാറ്റാ ഗ്രൂപ്പിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള 25 കമ്പനികളില്‍ ടാറ്റാ കെമിക്കല്‍സ് മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടിവ് നേരിട്ടത്.
ടാറ്റാ സണ്‍സ്, ടാറ്റാ കാപ്പിറ്റല്‍, ടാറ്റാ പ്ലേ, ടാറ്റാ അഡ്വാന്‍സ്‌ഡ് സിസ്റ്റംസ്, എയര്‍ ഇന്ത്യ, വിസ്‌താര എന്നീ ലസ്റ്റ് ചെയ്യാത്ത ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം കൂടി കണക്കിലെടുത്തല്‍ ടാറ്റാ ഗ്രൂപ്പിന്റെ മൊത്തം മൂല്യത്തില്‍ 16,000-17,000 കോടി ഡോളറിന്റെ കൂടി വര്‍ധനയുണ്ടാകും.
അടുത്ത വര്‍ഷത്തോടെ ഐപിഒ നടത്താന്‍ ഒരുങ്ങുന്ന ടാറ്റാ ഗ്രൂപ്പിന് അണ്‍ലിസ്റ്റഡ് വിപണിയില്‍ 2.7 ലക്ഷം കോടി രൂപ വിപണിമൂല്യമുണ്ട്. ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രൂപയായാണ് കണക്കാക്കുന്നത്.
2025 സെപ്‌റ്റംബറോടെ ടാറ്റാ സണ്‍സിന്റെ ഐപിഒയും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ പ്ലേയ്‌ക്ക് ഇതിനകം ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ടാറ്റാ ഗ്രൂപ്പിലെ ഏഴ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയിലേറെ വിപണിമൂല്യമുണ്ട്. ടിസിഎസ്, ടൈറ്റാന്‍ കമ്പനി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍, ട്രെന്റ്, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ് എന്നിവയാണ് അവ.
50 കമ്പനികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി സൂചികയില്‍ പത്ത് ശതമാനം ടാറ്റാ ഗ്രൂപ്പ് കമ്പനികളാണ്. ടിസിഎസ്, ടൈറ്റാന്‍ കമ്പനി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ് എന്നിവയാണ് അഞ്ച് നിഫ്‌റ്റി ഓഹരികള്‍.