പുതുവർഷത്തില്‍ വാഹനങ്ങളുടെ വില വർധിപ്പിക്കുന്ന കമ്ബനികളുടെ പട്ടികയിലേക്ക് ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും.
ടാറ്റയുടെ പാസഞ്ചർ വാഹന നിരയിലെ എല്ലാ മോഡലുകള്‍ക്കും മൂന്ന് ശതമാനം വില വർധിപ്പിക്കുമെന്നാണ് നിർമാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഐസ് എൻജിൻ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും പുറമെ, ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയും ഉയരുമെന്നാണ് ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
2025 ജനുവരി ഒന്ന് മുതല്‍ മൂന്ന് ശതമാനം വർധിപ്പിച്ച വിലയായിരിക്കും വാഹനങ്ങള്‍ക്ക് ഈടാക്കുകയെന്നാണ് വിലയിരുത്തലുകള്‍. വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടായേക്കും.
വാഹന നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണമുണ്ടായ അധികച്ചെലവ് നികത്തുന്നതിനായാണ് വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങുന്നതെന്നും ടാറ്റാ മോട്ടോഴ്സ് നല്‍കിയിട്ടുള്ള വിശദീരണം.
ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യു. എന്നീ കമ്ബനികളും പുതുവർഷത്തില്‍ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
എക്സ്ഷോറൂം വിലയില്‍ മൂന്ന് ശതമാനത്തിന്റെ വർധനവാണ് ഈ മൂന്ന് വാഹന നിർമാതാക്കളും പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന നിരയിലെ എല്ലാ മോഡലുകളുടെയും വില ഉയരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. നിർമാണ ചിലവ് ഉയർന്നതാണ് കാരണമായി പറയുന്നത്.
ഇന്ത്യയിലെ മറ്റ് മുൻനിര വാഹന നിർമാതാക്കളെല്ലാം ജനവരി ഒന്ന് മുതല്‍ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനമാണ് വില ഉയരുന്നത്.
ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എം.ജി. മോട്ടോഴ്സും മൂന്ന് ശതമാനം വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജിയുടെ വാഹന നിരയിലെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് മോഡലുകള്‍ക്കാണ് വില വർധിപ്പിക്കുന്നതെന്നാണ് എം.ജി. മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയാണ് ഏറ്റവും ഉയർന്ന വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ശതമാനമാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില ഉയരുന്നത്.
ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനമാണ് വില വർധിപ്പിക്കുന്നത്. ഇതുവഴി 25,000 രൂപയുടെ മുതലുള്ള മാറ്റമാണ് വിലയില്‍ ഉണ്ടാകുന്നത്. അതേസമയം, കിയ മോട്ടോഴ്സിന്റെ വാഹനങ്ങളുടെ വില രണ്ടുശതമാനം മാത്രമാണ് ഉയരുന്നത്.