മുംബൈ: ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഏറ്റെടുക്കുന്നതിന് ഫോർഡ് മോട്ടോർ കമ്പനിയുമായി ഒരു നിശ്ചിത കരാർ ഒപ്പിടാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉടനെ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പ്ലാന്റിനും തൊഴിലാളികൾക്കുമായി 700-750 കോടി രൂപ ആഭ്യന്തര കാർ നിർമ്മാതാവ് നൽകുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മെയ് അവസാനത്തോടെ സാധ്യമായ കരാറിൽ ഇരുപക്ഷവും ധാരണാപത്രം (എംഒയു) ഒപ്പുവച്ചിരുന്നു. ഗുജറാത്ത് പ്ലാന്റിന്റെ ഏറ്റെടുക്കൽ ടാറ്റ മോട്ടോഴ്‌സിന് ആവശ്യമായ ശേഷി വാഗ്ദാനം ചെയ്യും, ഈ സാമ്പത്തിക വർഷം വാർഷിക വിൽപ്പന അര മില്യൺ കടക്കാൻ ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നു.
കമ്പനി നിലവിൽ 85-90% ശേഷിയിലാണ് പ്രവർത്തിക്കുന്നത്, ഈ വേഗത നിലനിർത്താൻ അതിന് പുതിയ ശേഷി ആവശ്യമാണ്. മഹാരാഷ്ട്രയിലെ പൂനെ, രഞ്ജൻഗാവ്, ഗുജറാത്തിലെ സാനന്ദ് എന്നിവിടങ്ങളിലാണ് കമ്പനി അതിന്റെ കാറുകൾ നിർമ്മിക്കുന്നത്.
ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുക്കൽ, സാനന്ദിലെ ടാറ്റ മോട്ടോഴ്‌സിന്റെ വാർഷിക ശേഷി 300,000 യൂണിറ്റായി ഉയർത്താൻ സഹായിക്കും. 150 മില്യൺ ഡോളറിന്റെ ഇടപാടിനായി ടാറ്റയും ഫോർഡും തമ്മിലുള്ള സാധ്യതയുള്ള വിൽപ്പന ചർച്ചകളെക്കുറിച്ച് ദേശിയ മാധ്യമങ്ങൾ മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ടാറ്റ മോട്ടോഴ്‌സും ഫോർഡ് ഇന്ത്യയും വാർത്തകളോട് പ്രതികരിച്ചില്ലായിരുന്നു.
അതേപോലെ ഈ ഏറ്റെടുക്കൽ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബിസിനസിനെ ശക്തിപ്പെടുത്തും, ഈ വിഭാഗത്തിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കാനും 2025 ഓടെ 10 മോഡലുകളുടെ പോർട്ട്‌ഫോളിയോ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.