
ന്യൂഡൽഹി: വിവിധ തരത്തിലുള്ള പവർട്രെയിനുകൾ അടിസ്ഥാനമാക്കി പുതിയ മോഡലുകൾ പുറത്തിറക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ബിസിനസിൽ പ്രതിവർഷം 2,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു.
തിങ്കളാഴ്ച യോധ 2.0, ഇൻട്രാ വി20 ബൈ-ഫ്യുവൽ, ഇൻട്രാ വി50 മോഡലുകൾ പുറത്തിറക്കി പിക്കപ്പ് ലൈൻ ശക്തിപ്പെടുത്തിയ കമ്പനി, സിഎൻജിയും മറ്റ് ഇതര ഇന്ധന ഓപ്ഷനുകളും നൽകുന്ന വാഹനങ്ങളിലൂടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ചുവട് വെയ്ക്കാനും പദ്ധതിയിടുന്നു. 37 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ വാണിജ്യ വാഹന വിഭാഗത്തിലെ മുൻനിര കമ്പനിയാണ്.
ഇതര ഇന്ധന വാഹനങ്ങളിലൂടെ കമ്പനി വൈദ്യുതീകരണത്തിലേക്കുള്ള പരിവർത്തനത്തിന് ഒരുങ്ങുകയാണെന്ന് വാഗ് പറഞ്ഞു. ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളിൽ 40 ശതമാനവും ചെറുകിട വാണിജ്യ വാഹനങ്ങളിൽ 20 ശതമാനവും സിഎൻജി മോഡലുകൾ പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. കൂടാതെ ടാറ്റ എയ്‌സ് ഇവിയുടെ ഉത്പാദനം കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും ഡെലിവറികൾ അടുത്ത മാസം ആരംഭിക്കുമെന്നും വാഗ് പറഞ്ഞു.
കാർഷികോൽപ്പന്നങ്ങൾ, പാലുൽപ്പന്ന മേഖലകൾ എന്നിവയുടെ വിതരണവും എഫ്എംസിജി, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മേഖലകളിലെ ഡെലിവറി ആവശ്യകതകളും നിറവേറ്റുന്നതിനായി തിങ്കളാഴ്ച കമ്പനി പുതിയ പിക്കപ്പ് ട്രക്കുകൾ പുറത്തിറക്കി. ചെറുകിട വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനിയുടെ വിപണി വിഹിതം വർധിപ്പിക്കാൻ പുതിയ ശ്രേണി സഹായിക്കുമെന്ന് വാഗ് പറഞ്ഞു.
ചെറുകിട വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സിന് നിലവിൽ 40 ശതമാനം വിപണി വിഹിതമുണ്ട്.