
മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധന. 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയില്‍ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 66,561 യൂണിറ്റുകളുമായി ടാറ്റാ മോട്ടോഴ്സാണ് ഏറ്റവും കൂടുതല്‍ ഇ.വി കള്‍ വിറ്റഴിച്ച കമ്പനി.
2023 ൽ 66,690 ഇലക്ട്രിക് വാഹനങ്ങളായിരുന്നു ടാറ്റാ വിറ്റത്. 0.2 ശതമാനത്തിന്റെ നേരിയ ഇടിവ് കഴിഞ്ഞ വര്‍ഷം ടാറ്റയ്ക്കുണ്ടായി.
1,06,966 ഇ.വി കാറുകളാണ് കഴിഞ്ഞ വര്‍ഷം ആകെ വിറ്റതെങ്കില്‍ 2023 ൽ 90,266 യൂണിറ്റുകളായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇ.വി കാര്‍ ടാറ്റ പഞ്ചാണ്. 2024 ൽ 22,724 യൂണിറ്റുകളാണ് ടാറ്റ പഞ്ച് ഇവിയുടെ വില്‍പ്പന.
ടാറ്റയുടെ ടിയാഗോ ഹാച്ച്ബാക്ക് ഇ.വി യുടെ 18,136 യൂണിറ്റുകളാണ് വിറ്റത്.
ഇ.വി കാറുകളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുളളത് എം.ജി മോട്ടോഴ്സാണ്. 28,879 യൂണിറ്റുകളാണ് എം.ജി യുടെ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.
വിൻഡ്‌സർ ഇവി യുടെ 11,625 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ എംജി കോമറ്റിന്റെ 10,045 യൂണിറ്റുകളുടെ വില്‍പ്പനയും നടന്നു. 2024 ൽ 7881 യൂണിറ്റുകള്‍ വിറ്റഴിച്ച മഹീന്ദ്ര & മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്തുളള കമ്പനി.
ഇ.വി കാര്‍ വിപണിയില്‍ 62 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോഴ്സിനുളളത്.