മുംബൈ: ബാറ്ററി ഇലക്ട്രിക് വാഹന (ബിഇവി/bev) വിപണിയിൽ മേധാവിത്വം ഉറപ്പിക്കാൻ ചില മോഡലുകളിൽ ബാറ്ററി -ആസ്-എ -സർവീസ് (ബാസ്/baas) പദ്ധതി നടപ്പിലാക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
ടാറ്റയുടെ ടിയാഗോ, പഞ്ച്, ടിഗോർ, നെക്സോണ് തുടങ്ങിയ മോഡലുകളുടെ ചില വേരിയന്റുകളിലാകും ഇത് നടപ്പിലാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഓരോ മോഡലുകളുടെയും എക്സ് ഷോറൂം വിലയിൽ 25-30 ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ.
ബാറ്ററി-ആസ്-എ-സർവീസ് മോഡലിൽ കാർ വാങ്ങുന്നവർ ബാറ്ററി ഇല്ലാതെയാണ് ഇലക്ട്രിക് കാർ വാങ്ങുന്നത്. അങ്ങനെ വരുമ്പോൾ ഉപയോക്താവിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. കുറഞ്ഞ വിലയിൽ വാഹനം ലഭ്യമാകുമ്പോൾതന്നെ ഉപഭോക്താക്കൾ ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിന് അനുസരിച്ച് വാടക നൽകുന്ന രീതിയിലാണ് പദ്ധതി.
താങ്ങാവുന്ന വിലയിലുള്ള ഇവികൾക്ക് ഉപയോക്താക്കൾക്കിടയിലുള്ള ഡിമാൻഡാണ് ഇത്തരമൊരു നീക്കത്തിനു ടാറ്റയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സാമ്പത്തികപരമായി ഗുണമുണ്ടാകുമെന്നതിനാൽ ഉപയോക്താക്കളും ബാറ്ററി ആസ് എ സർവീസ് പദ്ധതിക്കൊപ്പം നിൽക്കുമെന്നാണ് ടാറ്റ കരുതുന്നത്.
നിലവിൽ ഇതുസംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ പദ്ധതി നടപ്പിലാക്കൂ എന്നും റിപ്പോർട്ടിൽ തുടരുന്നു.
ഇന്ത്യയിലെ പാസഞ്ചർ വെഹിക്കിൾ (പിവി) വിപണിയിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ആണ് ബാറ്ററി വാടകയ്ക്ക് നൽകുന്ന പദ്ധതി തുടങ്ങിയത്. ഇതനുസരിച്ച് 13.49-15.49 ലക്ഷം രൂപ വിലയുള്ള എംജി വിൻസർ 9.99 ലക്ഷം രൂപയ്ക്ക് ലഭിക്കും.
ഇതിന് പിന്നാലെ കമ്പനിയുടെ മറ്റ് മോഡലുകളായ കോമറ്റ് ഇവി, ഇസഡ്എസ് ഇവി എന്നിവയിലേക്കും ബാസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്.
ഇലക്ട്രിക് വാഹന വിപണിയിൽ നിലവിൽ 75-80 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോഴ്സിനുള്ളത്. വിൽപ്പന കൂട്ടാനായി ഡിസ്ക്കൗണ്ടുകളും ഫ്രീ ചാർജിംഗ് അടക്കമുള്ള ഓഫറുകളും നൽകുന്നുണ്ടെങ്കിലും പെട്രോൾ/ഡീസൽ വാഹനങ്ങളുമായുള്ള വിലവ്യത്യാസം പല ഉപയോക്താക്കളെയും ഇവി സ്വന്തമാക്കുന്നതിൽ നിന്നും തടയുന്നുണ്ട്. ഇത് മനസിലാക്കിയാണ് ടാറ്റ ബാറ്ററി വാടകയ്ക്ക് നൽകാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം.
നിലവിൽ ടാറ്റ മോട്ടോഴ്സ് പെട്രോൾ/ഡീസൽ മോഡലുകളുടെ ( ഇലക്ട്രിക് വേരിയന്റുകളാണ് വിൽക്കുന്നത്. ടിയാഗോ ഇവി (വില 7.99 ലക്ഷം മുതൽ), ടിഗോർ.ഇവി (വില 12.49 ലക്ഷം മുതൽ), പഞ്ച് ഇവി (വില 9.99 ലക്ഷം മുതൽ), നെക്സണ് ഇവി (12.49 ലക്ഷം മുതൽ), കർവ് ഇവി (17.49 ലക്ഷം മുതൽ) എന്നിവയാണ് ഇവി മോഡലുകൾ.
ബാസ് പദ്ധതി ഇവയിൽ നടപ്പിലാക്കിയാൽ ബാറ്ററി ഉൾപ്പെടാതെ ഓരോ മോഡലിനും രണ്ടു മുതൽ 3.5 ലക്ഷം രൂപ വരെ വില കുറയും.
കഴിഞ്ഞ ആറ് മാസമായി ടാറ്റയുടെ ഇവി വിൽപ്പന താഴോട്ടാണ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇവി വിൽപ്പന കഴിഞ്ഞ വർഷത്തെ ഈ കാലത്തെ വച്ചു നോക്കുമ്പോൾ 14 ശതമാനമാണ് കുറഞ്ഞത്.
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം കുറവുണ്ടായി. സെപ്റ്റംബറിൽ 23 ശതമാനമാണ് വിൽപ്പന കുറഞ്ഞത്.
കഴിഞ്ഞ വർഷത്തെ സമാനകാലയളവിൽ 6,050 യൂണിറ്റുകൾ വിറ്റപ്പോൾ ഇത്തവണ 4,680 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാനായത്. ബാറ്ററിയുടെ കാലാവധി സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകുന്നതോടെ കൂടുതൽ ഉപയോക്താക്കൾ ഇവി സ്വന്തമാക്കുമെന്നും വിലയിരുത്തലുണ്ട്.
ബാറ്ററി ആസ് എ സർവീസ് പദ്ധതി ഇവിയുടെ വിപണിയിൽ വലിയൊരു മാറ്റത്തിനു തുടക്കമാകുമെന്നാണ് വിലയിരുത്തുന്നത്. ഇവികളുടെ വില കുറയ്ക്കുന്നതിനൊപ്പം മുഖ്യധാരാ ഉപയോക്താക്കളുടെ പരിധിയിൽ കൊണ്ടുവരികയും ചെയ്യും.