
മുംബൈ: എൻഎച്ച്‌ഡിസിയിൽ നിന്ന് 125 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിനുള്ള കരാർ നേടിയതായി അറിയിച്ച് ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ (ടിപിആർഇഎൽ) അനുബന്ധ സ്ഥാപനമായ ടാറ്റ പവർ സോളാർ സിസ്റ്റംസ്. 596 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.
ടാറ്റ പവറിന് ടിപിആർഇഎല്ലിൽ 93.94 ശതമാനം ഓഹരിയുണ്ട്. അതേസമയം എൻഎച്ച്‌പിസി ലിമിറ്റഡിന്റെയും മധ്യപ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമാണ് എൻഎച്ച്‌ഡിസി.
മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലെ ഓംകാരേശ്വർ റിസർവോയറിൽ സ്ഥാപിക്കേണ്ട ഈ പദ്ധതിക്കായി എൻഎച്ച്ഡിസി ഈ വർഷം ആദ്യം ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്ടുകളിൽ ഒന്നാണ് ഈ പദ്ധതി.
താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സര ബിഡ്ഡിംഗിലൂടെയാണ് ടാറ്റ പവർ സോളാർ സിസ്റ്റംസ് ഈ പദ്ധതി സ്വന്തമാക്കിയത്. കരാർ തീയതി മുതൽ 13 മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യും. ഈ കരാർ വിജയത്തോടെ, കമ്പനിയുടെ മൊത്തം യൂട്ടിലിറ്റി സ്കെയിൽ സോളാർ പ്രോജക്ട് പോർട്ട്ഫോളിയോ 9.8 GWp ആയി. ടിപിഎസ്എസ്എല്ലിന്റെ മൊത്തം ഓർഡർ ബുക്ക് 14,908 കോടി രൂപയാണ്.