മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 85 ശതമാനം ഉയർന്ന് 935.18 കോടി രൂപയായതായി ടാറ്റ പവർ അറിയിച്ചു. പ്രധാനമായും ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ലാഭത്തിൽ ശക്തമായ വർധന രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 505.66 കോടി രൂപയായിരുന്നു. കൂടാതെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 39 ശതമാനം ഉയർന്ന് 14,181.07 കോടി രൂപയായി വർധിച്ചു. പുനരുൽപ്പാദിപ്പിക്കാവുന്നവയുടെ ശേഷി വർദ്ധനയും വിതരണ ബിസിനസിൽ നേടിയ ഉയർന്ന കാര്യക്ഷമതയുമാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചത്.
ടാറ്റ പവറിന്റെ നികുതിക്ക് ശേഷമുള്ള ലാഭം തുടർച്ചയായ 12-ാം പാദത്തിലും വർദ്ധിച്ചു. ഇത് തങ്ങളുടെ ബിസിനസ്സ് തന്ത്രത്തിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഒരു ഇന്ത്യൻ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവർ ലിമിറ്റഡ്. കമ്പനി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
10,577 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്. അതേസമയം ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.40 ശതമാനം ഇടിഞ്ഞ് 225 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.