മുംബൈ: അടുത്ത 5 വർഷത്തിനുള്ളിൽ തങ്ങളുടെ പോർട്ട്‌ഫോളിയോയുടെ 60 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ്ജമാക്കി മാറ്റാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഒരു ദേശിയ മാധ്യമത്തോട് സംസാരിച്ച ടാറ്റ പവർ എംഡിയും സിഇഒയുമായ പ്രവീർ സിൻഹ പറഞ്ഞു. കൂടാതെ ഹരിത ഊർജ്ജം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിനുമായി കമ്പനി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹന മൊബിലിറ്റി ഉടൻ യാഥാർത്ഥ്യമാക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ഗ്രൂപ്പ് കമ്പനികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രവീർ സിൻഹ പറഞ്ഞു. 2785 മെഗാവാട്ടിൽ കൂടുതൽ സ്ഥാപിത ഉൽപാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വൈദ്യുതി കമ്പനിയാണ് ടാറ്റ പവർ കമ്പനി ലിമിറ്റഡ്. ഉൽപ്പാദനം (താപം, ജലം, സൗരോർജ്ജം, കാറ്റ്, ദ്രവ ഇന്ധനം), പ്രക്ഷേപണം, വിതരണം എന്നിങ്ങനെ വൈദ്യുതി മേഖലയിലെ എല്ലാ വിഭാഗങ്ങളിലും ടാറ്റ പവറിന് സാന്നിധ്യമുണ്ട്.