മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ പ്ലാന്റിൽ 4 എംഡബ്യുപി ഓൺ-സൈറ്റ് സോളാർ പ്രോജക്ട് സ്ഥാപിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സുമായി പവർ പർച്ചേസ് കരാർ (പിപിഎ) ഒപ്പുവച്ച് ടാറ്റ പവർ. ഈ പദ്ധതി മൊത്തത്തിൽ 5.8 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സോളാർ പ്രോജക്ട് 10 ലക്ഷം ടണ്ണിലധികം കാർബൺ ഉദ്‌വമനം ലഘൂകരിക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. അതേസമയം പ്രവർത്തനങ്ങളിലെ പുനരുപയോഗ ഊർജ അനുപാതം വർധിപ്പിക്കാനാണ് കമ്പനിയുടെ ഈ നടപടിയെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
2022 സാമ്പത്തിക വർഷത്തിൽ കമ്പനി ഇന്ത്യയിലെ എല്ലാ പ്ലാന്റുകളിലുമായി അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 92.39 ദശലക്ഷം kWh പുനരുപയോഗ ഊർജ്ജം ഉൽപ്പാദിപ്പിച്ചു. ഇത് കമ്പനിയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 19.4 ശതമാനമാണ്.
മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവർ കമ്പനി ലിമിറ്റഡ്. വൈദ്യുതിയുടെ ഉൽപ്പാദനം പ്രക്ഷേപണം വിതരണം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്സ്. 10,577 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്.