മുംബൈ: 2021-2022 സാമ്പത്തിക വർഷത്തിൽ 76 ശതമാനം വളർച്ചയോടെ 636 കോടി രൂപയുടെ വരുമാനം നേടി കോഫി ചെയിൻ ഓപ്പറേറ്ററായ ടാറ്റ സ്റ്റാർബക്സ് ലിമിറ്റഡ്. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിനാൽ തങ്ങളുടെ അറ്റനഷ്ടം ഗണ്യമായി കുറഞ്ഞതായി കോഫി ചെയിൻ ഓപ്പറേറ്ററായ ടാറ്റ സ്റ്റാർബക്സ് ലിമിറ്റഡ് അറിയിച്ചു. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ നിലവിലുള്ള സ്റ്റോറുകളിൽ നിന്നും പുതിയ സ്റ്റോറുകളിൽ നിന്നുമുള്ള ഉയർന്ന വിൽപ്പനയാണ് അതിന്റെ വരുമാന വളർച്ചയ്ക്ക് കാരണമായതെന്ന് ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്റെ (TCPL) ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാകുന്നു.
എന്നിരുന്നാലും, 2022 സാമ്പത്തിക വർഷത്തിലെ അറ്റ നഷ്ടം കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്പനിക്ക് ഇപ്പോൾ 26 നഗരങ്ങളിലായി 268 സ്റ്റോറുകളുണ്ട്. 2012-ൽ രൂപീകരിച്ച ടാറ്റ സ്റ്റാർബക്സ്, സ്റ്റാർബക്സ് കോർപ്പറേഷന്റെയും ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റേയും (ടിസിപിഎൽ) 50:50 സംയുക്ത സംരംഭമാണ്. കൂടാതെ 2021-22 സാമ്പത്തിക വർഷത്തിൽ, കമ്പനി ഇക്വിറ്റി മൂലധനത്തിനായി 86 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളതായി ടിസിപിഎൽ കൂട്ടിച്ചേർത്തു.
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ, ടാറ്റ സ്റ്റാർബക്സ് ബിസിനെസിന്റെ വിൽപ്പന ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചതായും, മാർച്ചോടെ, സ്റ്റോർ ഓപ്പറേഷൻ സൂചിക 95 ശതമാനത്തിലെത്തിയാതയും കമ്പനി പറഞ്ഞു.