
മുംബൈ: ഒഡീഷ ആസ്ഥാനമായുള്ള നീലാചൽ ഇസ്പത് നിഗം ലിമിറ്റഡിന്റെ (എൻഐഎൻഎൽ) പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ച് ടാറ്റ സ്റ്റീൽ. ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനം എൻഐഎൻഎല്ലിനെ 12,000 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. 1.1 ദശലക്ഷം ടൺ സ്റ്റീൽ നിർമ്മാണ ശേഷിയുള്ള പ്ലാന്റ് വിവിധ കാരണങ്ങളാൽ ഏകദേശം രണ്ട് വർഷത്തോളമായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.
2022 ജൂലൈ 4 ന് ഏറ്റെടുക്കൽ പൂർത്തിയാക്കി 90 ദിവസങ്ങൾക്ക് എൻഐഎൻഎല്ലിന്റെ പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ ഒരു നാഴികക്കല്ല് കൈവരിച്ചതായി ടാറ്റ സ്റ്റീൽ വിഭാഗമായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്റ്റ്സ് (ടിഎസ്എൽപി) പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് വർഷമായി സൗകര്യം പ്രവർത്തനരഹിതമായതിനാൽ, ടാറ്റ സ്റ്റീലിന്റെ ശക്തമായ നിർവ്വഹണ ശേഷി വിന്യസിക്കുകയും പ്രകടമാക്കുകയും ചെയ്തുകൊണ്ട് വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് & എൻഐഎൻഎൽ ചെയർമാൻ ടി വി നരേന്ദ്രൻ പറഞ്ഞു.
പദ്ധതിക്കനുസരിച്ച് ഉൽപ്പാദനം ക്രമാനുഗതമായി വർധിപ്പിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാതൃസ്ഥാപനമായ ടാറ്റ സ്റ്റീൽ പറഞ്ഞു. കൂടാതെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രതിവർഷം 4.5 ദശലക്ഷം ടൺ ശേഷിയുള്ള നിർമ്മാണ സൗകര്യം സ്ഥാപിക്കാൻ നിക്ഷേപം നടത്താനും ടാറ്റ സ്റ്റീൽ പദ്ധതിയിടുന്നു.