
പഞ്ചാബ്: സ്ക്രാപ്പ് അധിഷ്ഠിത ഇലക്ട്രിക് ആർക്ക് ഫർണസ് (ഇഎഎഫ്) ഉപയോഗിച്ച് പ്രതിവർഷം 0.75 ദശലക്ഷം ടൺ (എംഎൻടിപിഎ) ശേഷിയുള്ള ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റ സ്റ്റീൽ. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ലുധിയാനയിലെ ഹൈടെക് വാലിയിൽ ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള ഈ സംരംഭം സ്റ്റീൽ റീസൈക്ലിംഗ് റൂട്ടിലൂടെ കുറഞ്ഞ കാർബൺ സ്റ്റീൽ നിർമ്മാണത്തിലേക്ക് മാറാനുമുള്ള ടാറ്റ സ്റ്റീലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണെന്ന് കമ്പനി പറഞ്ഞു. 2045 ഓടെ നെറ്റ് സീറോ കാർബൺ പുറന്തള്ളൽ കൈവരിക്കുക എന്ന കമ്പനിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട ഒരു ചുവടുവയ്പ്പാണിതെന്നും ടാറ്റ സ്റ്റീൽ കൂട്ടിച്ചേർത്തു.
അത്യാധുനിക ഇഎഎഫ് അധിഷ്ഠിത സ്റ്റീൽ പ്ലാന്റ് കമ്പനിയുടെ മുൻനിര റീട്ടെയിൽ ബ്രാൻഡായ ‘ടാറ്റ ടിസ്കോൺ’ എന്ന പേരിൽ കൺസ്ട്രക്ഷൻ ഗ്രേഡ് സ്റ്റീൽ റീബാർ നിർമ്മിക്കും, ഇത് നിർമ്മാണ വിഭാഗത്തിൽ ടാറ്റ സ്റ്റീലിനെ കൂടുതൽ വിപണി സാന്നിധ്യം വർദ്ധിപ്പിക്കാൻ പ്രാപ്തമാക്കും. അതേസമയം പഞ്ചാബ് സംസ്ഥാനത്തിലേക്ക് ടാറ്റ ഗ്രൂപ്പിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടാറ്റ സ്റ്റീൽ ഹരിയാനയിലെ റോഹ്തക്കിൽ 0.5 എംഎൻടിപിഎ ശേഷിയുള്ള ആദ്യത്തെ സ്റ്റീൽ റീസൈക്ലിംഗ് പ്ലാന്റ് കമ്മീഷൻ ചെയ്തിരുന്നു. പ്രതിവർഷം 34 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ശേഷിയുള്ള ടാറ്റ സ്റ്റീൽ ഗ്രൂപ്പ് പ്രമുഖ ആഗോള സ്റ്റീൽ കമ്പനികളിൽ ഒന്നാണ്. ബിഎസ്ഇയിൽ ടാറ്റ സ്റ്റീലിന്റെ ഓഹരികൾ 2.09 ശതമാനം ഇടിഞ്ഞ് 105.15 രൂപയിലെത്തി.