
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ 7,765 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് ഇത് 12.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, ടാറ്റ സ്റ്റീലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 18.6 ശതമാനം വർധിച്ച് 63,430 കോടി രൂപയായി. കൂടാതെ, അവലോകന പാദത്തിൽ 15,047 കോടി രൂപയുടെ ഏകീകൃത ഇബിഐടിഡിഎ ആണ് കമ്പനി റിപ്പോർട്ട് ചെയ്തത്. പാദ അടിസ്ഥാനത്തിൽ ഇബിഐടിഡിഎ മാർജിൻ 24 ശതമാനമായി മെച്ചപ്പെട്ടു.
ഒന്നിലധികം പ്രതിസന്ധികൾക്കിടയിലും, മാർജിനുകളിലെ പുരോഗതിയോടെ കമ്പനി ശക്തമായ പ്രകടനം കാഴ്ചവച്ചതായി ടാറ്റ സ്റ്റീൽ എംഡി ടി വി നരേന്ദ്രൻ പറഞ്ഞു.
ശക്തമായ മാർക്കറ്റിംഗ് ഫ്രാഞ്ചൈസിയും ഇന്ത്യയിലെ മികച്ച ബിസിനസ് മോഡലും തങ്ങളുടെ ആഭ്യന്തര ഡെലിവറികൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും വർദ്ധിപ്പിക്കാനും തങ്ങളെ പ്രാപ്തമാക്കിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ കാലയളവിൽ യൂറോപ്പിൽ ടാറ്റ ഗ്രൂപ്പ് കമ്പനി എക്കാലത്തെയും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎയായ 621 ദശലക്ഷം പൗണ്ട് നേടി. നിലവിൽ കമ്പനിയുടെ അറ്റ കടം 54,504 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം ചേർന്ന കമ്പനിയുടെ ബോർഡ് യോഗം 10:1 എന്ന അനുപാതത്തിൽ ഓഹരി വിഭജിക്കാൻ അംഗീകാരം നൽകിയിരുന്നു. കലിംഗനഗറിലെ 6 എംടിപിഎ പെല്ലറ്റ് പ്ലാന്റ് മൂന്നാം പാദത്തിൽ കമ്മീഷൻ ചെയ്യുമെന്നും തുടർന്ന് കോൾഡ് റോൾ മിൽ കോംപ്ലക്സും 5 എംടിപിഎ വിപുലീകരണവും ആരംഭിക്കുമെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു. ടാറ്റ സ്റ്റീൽ ഓഹരികൾ 0.80 ശതമാനം ഇടിഞ്ഞ് 952.90 രൂപയിലെത്തി.