
മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു. സെപ്തംബർ 14 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം എൻസിഡികളുടെ രൂപത്തിൽ ഡെബ്റ് സെക്യൂരിറ്റികൾ അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി ടാറ്റ സ്റ്റീൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇഷ്യു രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കമ്പനി പറഞ്ഞു. ആദ്യ ഇഷ്യുവിൽ കമ്പനി 10,00,000 രൂപ മുഖവിലയുള്ള 5,000 എൻസിഡികൾ ഇഷ്യൂ ചെയ്ത് കൊണ്ട് 500 കോടി രൂപ സമാഹരിക്കും. ആദ്യ ഘട്ടത്തിനുള്ള അലോട്ട്‌മെന്റ് തീയതി സെപ്റ്റംബർ 20, 2022 ആണ്. ഈ എൻസിഡികൾക്ക് 2027 സെപ്റ്റംബർ 20 വരെ കാലാവധിയുണ്ടായിരിക്കും.
അതേസമയം, രണ്ടാമത്തെ ഘട്ടത്തിന് കീഴിൽ 10,00,000 രൂപ മുഖവിലയുള്ള 15,000 എൻസിഡികൾ ഇഷ്യൂ ചെയ്ത് 1,500 രൂപ സമാഹരിക്കാൻ ടാറ്റ സ്റ്റീൽ ഉദ്ദേശിക്കുന്നു. ഇതിന്റെയും അലോട്ട്‌മെന്റ് തീയതി ആദ്യത്തേത് പോലെ 2022 സെപ്റ്റംബർ 20 ആണ്. എന്നാൽ ഇതിന് 2032 സെപ്റ്റംബർ 20 വരെ കാലാവധിയുണ്ടാകും.
വൈവിധ്യമാർന്ന ബിസിനസ്സ് സ്ഥാപനമാണ് ടാറ്റ സ്റ്റീൽ ലിമിറ്റഡ്. ഇത് ബോൾ ബെയറിംഗുകൾ, ഹാൻഡ് ടൂളുകൾ, ട്യൂബുകൾ, സ്റ്റീൽ വയറുകൾ എന്നിവ നിർമ്മിക്കുന്നു. കൂടാതെ സ്റ്റീൽ, ഫെറോ അലോയ്‌സ്, മിനറൽസ് എന്നിവയുടെ ബിസിനസ്സ് പ്രവർത്തനങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു.