
മുംബൈ: ടാറ്റ സ്റ്റീൽ അതിന്റെ പുതിയ മെറ്റീരിയൽ ബിസിനസ്സിനെ (എൻഎംബി) ഒരു പ്രത്യേക സബ്സിഡിയറിയായി മാറ്റാൻ പദ്ധതിയിടുന്നു. റെയിൽവേ കോച്ചുകൾ, മെഡിക്കൽ മെറ്റീരിയൽ ഉപകരണങ്ങൾ, ഗ്രാഫീൻ ആപ്ലിക്കേഷനുകൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കടക്കാൻ വേണ്ടിയാണ് കമ്പനി എൻഎംബി വിഭാഗം ആരംഭിച്ചത്.
റെയിൽവേ കോച്ച് നിർമ്മാണത്തിൽ സംയോജിത വസ്തുക്കൾ ഉൾപ്പെടുമെങ്കിലും മെഡിക്കൽ മെറ്റീരിയൽ ഉപകരണങ്ങളിൽ എൻഎംബി വികസിപ്പിച്ച അഡ്വാൻസ് സെറാമിക്സാണ് ഉൾപ്പെടുന്നതെന്ന് ടാറ്റ സ്റ്റീൽ ടെക്നോളജി ആൻഡ് എൻഎംബി വൈസ് പ്രസിഡന്റ് ദേബാശിഷ് ഭട്ടാചാരി പറഞ്ഞു. കമ്പനിയുടെ പുതിയ മെറ്റീരിയൽ ബിസിനസ്സിന്റെ ലക്ഷ്യം CO2 ഉദ്‌വമനം കുറയ്ക്കുക എന്നതാണ്.
പൂനെയ്ക്ക് സമീപം 100% കയറ്റുമതി അധിഷ്ഠിത റെയിൽവേ കോച്ച് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഡച്ച് സ്ഥാപനമായ ടിഎബിബി ഇന്റീരിയർ സിസ്റ്റംസുമായി ചേർന്ന് കമ്പനിയുടെ എൻഎംബി വിഭാഗം ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. എൻഎംബി ബിസിനെസ്സിൽ നിന്ന് ടാറ്റ സ്റ്റീൽ 700-800 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഓയിൽ ആൻഡ് ഗ്യാസ്, ഏവിയേഷൻ, ഓട്ടോമോട്ടീവ്, ഹെൽത്ത് കെയർ, മെഡിക്കൽ ഡിവൈസുകൾ എന്നീ മേഖലകൾ എൻഎംബിയിൽ ഉൾപ്പെടും.