
മുംബൈ: ഓഹരി നിക്ഷേപകര്‍ക്ക് അപ്രതീക്ഷിതമായ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് നേട്ടം നല്‍കിയ ടാറ്റാ ടെക്‌നോളജീസ് വ്യാപാരം ആരംഭിച്ച ആദ്യദിനം തന്നെ വിപണിമൂല്യത്തില്‍ മറ്റ് ടെക്‌നോളജി കമ്പനികളേക്കാള്‍ മുന്നിലെത്തി.
വ്യാഴാഴ്ച ക്ലോസ് ചെയ്‌ത വില അനുസരിച്ച് ടാറ്റാ ടെക്‌നോളജീസിന്റെ വിപണിമൂല്യം 53,315 കോടി രൂപയാണ്. ടെക്‌നോളജി മേഖലയിലെ മിഡ്‌കാപ് കമ്പനികളായ ടാറ്റാ എല്‍ക്‌സി, കെപിഐടി ടെക്‌നോളജീസ്, എല്‍&ടി ടെക്‌നോളജി, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുടെ വിപണിമൂല്യം ഇതിനേക്കാള്‍ താഴ്‌ന്ന നിലവാരത്തിലാണ്.
ടാറ്റാ എല്‍ക്‌സിക്കും എല്‍&ടി ടെക്‌നോളജിക്കും മാത്രമാണ് 50,000 കോടിക്ക് മുകളില്‍ വിപണിമൂല്യമുള്ളത്. ഐപിഒ വിലയുടെ അടിസ്ഥാനത്തില്‍ ഈ കമ്പനികളുടെ ഓഹരികളേക്കാള്‍ ചെലവ് കുറഞ്ഞ നിലയിലായിരുന്നു ടാറ്റാ ടെക്‌നോളജീസ്. എന്നാല്‍ വമ്പന്‍ ലിസ്റ്റിംഗിനു ശേഷം ടാറ്റാ ടെക് ഇതര ടെക്‌നോളജി ഓഹരികളേക്കാള്‍ ചെലവേറിയ നിലയിലെത്തി.
നിലവില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രതി ഓഹരി വരുമാനത്തിന്റെ 85 മടങ്ങാണ് ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരി വില. അതേ സമയം എല്‍&ടി ടെക്‌നോളജീസ് 42 മടങ്ങിലും പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 50 മടങ്ങിലും ടാറ്റാ എല്‍ക്‌സി 65 മടങ്ങിലുമാണ് വ്യാപാരം ചെയ്യുന്നത്.
വളര്‍ച്ചാ നിരക്കിലും ടാറ്റാ ടെക്‌നോളജീസാണ് സമാന മേഖലയിലെ കമ്പനികളേക്കാള്‍ മുന്നില്‍. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ ടാറ്റാ ടെക്‌നോളജീസ് 36.16 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്.
അതേ സമയം സമാന മേഖലയിലുള്ള മറ്റ് മൂന്ന് കമ്പനികളുടെയും വളര്‍ച്ച 29 ശതമാനത്തില്‍ താഴെയാണ്. ടാറ്റാ ഗ്രൂപ്പില്‍ നിന്ന് 20 വര്‍ഷത്തിനു ശേഷം ലിസ്റ്റ് ചെയ്‌ത ടാറ്റാ ടെക്‌നോളജീസിന് ഓഹരി വിപണിയില്‍ മികച്ച വ്യാപാര തുടക്കമാണ് വ്യാഴാഴ്ച ലഭിച്ചത്.
140 ശതമാനം പ്രീമിയത്തോടെയാണ് ടാറ്റാ ടെക്‌നോളജീസ് ലിസ്റ്റ് ചെയ്‌തത്. അതിനു ശേഷം നേട്ടം 180 ശതമാനം വരെയായി ഉയര്‍ന്നു. 163 ശതമാനം നേട്ടത്തോടെയാണ് വ്യാഴാഴ്ച ക്ലോസ് ചെയ്‌തത്.
500 രൂപ ഓഫര്‍ വിലയുണ്ടായിരുന്ന ടാറ്റാ ടെക്‌നോളജീസ് ഇന്നലെ എന്‍എസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത് 1200 രൂപയിലാണ്. അതിനു ശേഷം ഓഹരി വില 1400 രൂപ വരെ ഉയരുകയും ചെയ്‌തു.
നവംബര്‍ 22 മുതല്‍ 24 വരെ നടന്ന ടാറ്റാ ടെക്‌നോളജീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിന് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചിരുന്നത്.
70 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.