കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്.
ബാലൻസ് ഷീറ്റിൽ കൃത്രിമത്വം കാട്ടി ഐ.എം.എ. കേരളാ ഘടകം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയ ബാലൻസ് ഷീറ്റുകൾ റെയ്ഡിൽ പിടിച്ചെടുത്തു.
45 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് ഐ.എം.എ. ആയതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്നായിരുന്നു ഐ.എം.എയുടെ വാദം. എന്നാൽ മറ്റു പല ബിസിനസുകളിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ചാരിറ്റബിൾ സൊസൈറ്റി, ക്ലബ്ബ് എന്നതിനപ്പുറമുള്ള പ്രവർത്തനമാണ് ഐ.എം.എ.യുടേതെന്ന് കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ജി.എസ്.ടി. വിഭാഗം നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐ.എം.എ. ഹർജി നൽകിയിരുന്നു.
ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.