ദുബായ്: ഒരു ശതമാനം നികുതി ഇളവോടെ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്റെ പരിധി 140 ടണ്ണായി ഇന്ത്യ വർധിപ്പിച്ചു. നേരത്തെ ഇത് 120 ടണ്ണായിരുന്നു.
സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയുടെ (സെപ) ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. വരും വർഷങ്ങളിൽ ഇറക്കുമതി പരിധി 200 ടണ്ണായി ഉയർത്തും.
ഇറക്കുമതി ചെയ്യുന്ന സ്വർണം നേരിട്ടു വാങ്ങുന്നതിന് അപേക്ഷിക്കാനുള്ള കുറഞ്ഞ വാർഷിക വിറ്റുവരവ് 25 കോടിയിൽ നിന്നു 40 ലക്ഷമാക്കിയതോടെ സെപ കരാർ പ്രകാരം യുഎഇയിൽ നിന്നെത്തുന്ന സ്വർണം വാങ്ങാൻ കൂടുതൽ അപേക്ഷകരെത്തും.
നേരത്തെ ഇന്ത്യയിലെ 78 സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു യുഎഇ സ്വർണത്തിന്റെ ക്വോട്ട ലഭിച്ചിരുന്നത്. പഴയ യോഗ്യതാ മാനദണ്ഡ പ്രകാരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് ഏറ്റവും കൂടുതൽ സ്വർണം നേടിയിരുന്നത്.
നിയമം പരിഷ്കരിച്ചതോടെ നിലവിലെ ക്വോട്ട റദ്ദാക്കും. പുതിയ അപേക്ഷകൾ വിലയിരുത്തി യോഗ്യതയ്ക്ക് അനുസരിച്ച് ഓരോരുത്തർക്കും ലഭിക്കാവുന്ന സ്വർണത്തിന്റെ അളവ് തീരുമാനിക്കും.