ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള ഫോസില് ഫ്യുവല് വാഹനങ്ങളുടെ നികുതി വര്ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര് സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്ധിപ്പിക്കുമെന്നാണ് ധനമന്ത്രി കെ.എന്. ബാലഗോപാല് അറിയിച്ചിരിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം സര്ക്കാര് ഖജനാവില് എത്തുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുചക്ര വാഹനങ്ങള്ക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്ധനവ് വരുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല് 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില് രണ്ട് ശതമാനവും 15 ലക്ഷം മുതല് 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്ധനവാണ് വരുത്തുന്നത്.
ഇതുവഴി 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനമാണ് ബജറ്റില് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര് ക്യാബ്, ഇലക്ട്രിക് മോട്ടോര് ക്യാബ് എന്നിവയ്ക്ക് വാഹന വിലയുടെ ആറ് മുതല് 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കുന്നത്.
എന്നാല്, ഇത്തരം വാഹനങ്ങളുടെ നികുതി സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്ക്ക് സമാനമായ വാഹന വിലയുടെ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. 15 വര്ഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്ന വാഹനങ്ങളുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതിനാല് ആദ്യ അഞ്ച് വര്ഷത്തേക്ക് നല്കുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കിയിട്ടുണ്ട്.
കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന കോണ്ടാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില് പത്ത് ശതമാനത്തിന്റെ കുറവ് വരുത്തുന്നതായി ധനമന്ത്രി അറിയിച്ചു. ഇതുവഴി 28 കോടി രൂപയുടെ വരുമാന നഷ്ടം സര്ക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്. അതേസമയം, പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സര്ക്കാരിന്റെ ഈ തീരുമാനമെന്നാണ് ധനമന്ത്രി അറിയിക്കുന്നത്.
എന്നാല്, വാഹനങ്ങളുടെ രജിസ്ട്രേഷന് സമയത്ത് ഈടാക്കുന്ന സെസില് ഇരട്ടി വര്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്ക്ക് ഇപ്പോള് 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്ത്തി.
ലൈറ്റ് മോട്ടോര് വാഹനങ്ങള്ക്ക് 100 രൂപയില് നിന്ന് 200 രൂപയായും മീഡിയോ മോട്ടോര് വാഹനങ്ങള്ക്ക് 150 രൂപയില് നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്ക്ക് 250 രൂപയില് നിന്ന് 500 രൂപയായും വര്ധിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുവഴി സര്ക്കാരിന് ഏഴ് കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.