
തിരുവനന്തപുരം: അഞ്ചുവര്ഷത്തെ കണക്കെടുത്താല് വരുമാനത്തില് സംസ്ഥാനത്ത് വന് വളര്ച്ചാമുരടിപ്പ്. വെറും രണ്ടുശതമാനമാണ് നികുതി വരുമാനത്തിലെ വാര്ഷിക വളര്ച്ച. ഇക്കാര്യത്തില് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില് ഏറ്റവും പിന്നിലാണ് കേരളം.
2016-17 മുതല് 2020-21 വരെയുള്ള റവന്യൂ, നികുതി വരുമാനങ്ങളും റിസര്വ് ബാങ്കിന്റെ ബജറ്റ് അവലോകനവും അടിസ്ഥാനമാക്കി ധനവകുപ്പ് തയ്യാറാക്കിയ റിപ്പോര്ട്ടിലാണ് ഈ വെളിപ്പെടുത്തല്.
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്തെ നികുതിപിരിവിലെ വീഴ്ചയിലേക്കു വിരല്ചൂണ്ടുന്ന റിപ്പോര്ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. പ്രളയം, കോവിഡ് എന്നിവ നികുതി പിരിവിനെ ബാധിച്ചിട്ടുണ്ടെങ്കിലും അഞ്ചുവര്ഷത്തെ അസാധാരണ കുറവ് അപകട സൂചനയാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്. ഇതിനു പരിഹാരമായി നികുതിവരുമാനം കൂട്ടാനുള്ള നിര്ദേശങ്ങള് ബജറ്റിലുണ്ടാകും.
സര്ക്കാരിന് മറ്റുബാധ്യതയുണ്ടാക്കാത്ത വരുമാനമാണ് റവന്യൂ വരുമാനം. നികുതി, നികുതിയിതര വരുമാനം കൂടി ഉള്പ്പെടുന്നതാണ് ഈ തുക. 2016-17 മുതല് 2020-21 വരെ 6.3 ശതമാനം മാത്രമാണ് കേരളത്തിന്റെ റവന്യൂ വരുമാന വളര്ച്ച. ദേശീയശരാശരി 8.1 ശതമാനമാണെന്നിരിക്കേ, അതിലും താഴെയാണ് കേരളം.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് ആന്ധ്രാപ്രദേശ് മാത്രമാണ് കേരളത്തിനു പിന്നിലുള്ളത്. അസം (16.8 ശതമാനം), ബിഹാര് (13.6 ശതമാനം), പഞ്ചാബ് (11.9 ശതമാനം) എന്നിവയാണ് വളര്ച്ചയില് മുന്നിലുള്ള സംസ്ഥാനങ്ങള്.
ആസ്തിയും അടിസ്ഥാന സൗകര്യനവും വികസിപ്പിക്കാനുള്ള മൂലധനച്ചെലവില് (ക്യാപിറ്റല് എക്സ്പെന്ഡിച്ചര്) പിന്നിലാണ് കേരളം. മൂലധനച്ചെലവ് പത്തുശതമാനത്തില് താഴെയുള്ള പഞ്ചാബ്, പശ്ചിമബംഗാള്, രാജസ്ഥാന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തിന്റെ സ്ഥാനം.
2016-17ല് 9.89 ശതമാനമായിരുന്ന മൂലധനച്ചെലവ് 2020-21ല് 9.28 ശതമാനമായി കുറഞ്ഞു.