
ബെഗളൂരു: ഇന്ത്യന്‍ ഐടി രംഗത്തെ അതികായരായ ടിസിഎസും (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഇന്‍ഫോസിസും 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) റിക്രൂട്ട്‌മെന്റ് കുറച്ചു. രാജ്യത്തിന്റെ ജിഡിപിയുടെ 8 ശതമാനത്തോളം ഐടി മേഖലയുടെ സംഭാവനയായതിനാല്‍ നടപടി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.ജൂലൈ 12 നാണ് ടിസിഎസ് ത്രൈമാസ വരുമാനം റിപ്പോര്‍ട്ട് ചെയ്തത്.
ഇത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനം കഴിഞ്ഞ പാദത്തില്‍ 523 ജീവനക്കാരെ മാത്രമാണ് ജോലിക്കെടുത്തത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 14136 പേരെ റിക്രൂട്ട് ചെയ്ത സ്ഥാനത്താണിത്. 96 ശതമാനത്തിന്റെ കുറവ്.
നിലവില്‍ 615318 പേരാണ് ടിസിഎസില്‍ ജോലി ചെയ്യുന്നത്. മാര്‍ച്ചിലവസാനിച്ച പാദത്തിലും റിക്രൂട്ട്‌മെന്റ് വളരെ കുറവായിരുന്നു. 821 പേര്‍ക്ക് മാത്രമാണ് ആ പാദത്തില്‍ ടിസിഎസില്‍ അവസരം ലഭിച്ചത്.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 20,000 പേരെ ജോലിക്കെടുത്ത സ്ഥാനത്താണിത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അതേസമയം 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 17.8 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 20.1 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്ക്.
പുതിയതായി 40,000 പേരെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് ടിസിഎസ് സിഎച്ച്ആര്‍ഒ മിലിന്ദ് ലക്കദ് പറയുന്നു. എന്നാല്‍ കാലയളവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 6940 ജീവനക്കാരുടെ കുറഞ്ഞു. 336294 പേരാണ് നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3611 പേരുടെ കുറവ് മാത്രമാണ് അനുഭവപ്പെട്ടിരുന്നത്.
ഏപ്രിലില്‍ ശമ്പള വര്‍ധന പ്രഖ്യാപിക്കുന്ന കമ്പനി, ഇപ്രാവശ്യം അതിനും മുതിര്‍ന്നിട്ടില്ല.