
ആഗോള തലത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടികയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇടം പിടിച്ചു. ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് 2025 ലെ ഫോര്‍ച്യൂണ്‍ പട്ടികയിലാണ് സ്ഥാനം നേടിയത്.
ഉപഭോക്തൃ കേന്ദ്രീകൃത നവീകരണത്തിലൂടെ ദീര്‍ഘകാല മൂല്യം നല്‍കാനും ജീവനക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സംസ്‌ക്കാരം വളര്‍ത്താനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അടുത്ത തലമുറ കഴിവുകള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ടിസിഎസിന്റെ കഴിവിന് അടിവരയിടുന്നതാണ് ഈ അംഗീകാരം.
കോര്‍പറേറ്റ് രംഗത്തെ മികവിന്റെ അടിസ്ഥാനമായാണ് ലോകത്തെ ഏറ്റവും ആദരിക്കുന്ന കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കുന്ന പട്ടിക കണക്കാക്കപ്പെടുന്നത്.
കമ്പനികളിലെ 3,300 മുന്‍നിര എക്‌സിക്യൂട്ടീവുകള്‍, ഡയറക്ടര്‍മാര്‍, സാമ്പത്തിക വിശകലന രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തുന്ന സമഗ്ര സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
വിവിധ മേഖലകളിലായുള്ള 650 കമ്പനികളെയാണ് ഇവര്‍ വിലയിരുത്തിയത്. ആഗോള തലത്തിലെ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന കോണ്‍ ഫെറിയുമായി സഹകരിച്ചാണ് കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി ഫോര്‍ച്യൂണ്‍ ഈ പട്ടിക തയ്യാറാക്കുന്നത്.
നൂതനാശയങ്ങള്‍, ആഗോളതലത്തില്‍ ബിസിനസ് നടത്തുന്നതിലെ ഫലപ്രാപ്തി, പ്രതിഭകളെ ആകര്‍ഷിക്കാനും വികസിപ്പിക്കാനും നിലനിര്‍ത്താനുമുള്ള കഴിവ്, സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ഉത്തരവാദിത്തം തുടങ്ങിയ പ്രധാന ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ ഈ വര്‍ഷത്തെ പട്ടികയിലുള്ള എല്ലാ കമ്പനികളേയും അംഗീകരിക്കാന്‍ ഫോര്‍ച്യൂണിന് അഭിമാനമുണ്ടെന്ന് ഫോര്‍ച്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് അലിസണ്‍ ഷോന്‍ടെല്‍ പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ ആഗോള ബിസിനസ് സാഹചര്യങ്ങളിലെ അവരുടെ കാഴ്ചപ്പാടും ഉറച്ച നിലനില്‍പ്പും ഇതിലൂടെ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, പുതുമകള്‍, ഉയര്‍ന്ന കഴിവുകളുള്ളവരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുളള ശേഷി, പ്രവര്‍ത്തന മികവ് വഴി ഇടപാടുകാര്‍ക്കായി ഉയര്‍ന്ന മൂല്യമുള്ള ബിസിനസ് നേടിക്കൊടുക്കാനുള്ള ശക്തി തുടങ്ങിയ മേഖലകളിലെ ടിസിഎസിന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഇതെന്ന് ടിസിഎസ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് അമിത് ബജാജ് പറഞ്ഞു.
ഡിജിറ്റല്‍ രംഗത്തെ പുതുമകള്‍ക്കും അപ്പുറത്തായി കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ വ്യവസായങ്ങളേയും വ്യാപാരങ്ങളേയും സഹായിക്കുന്ന ഡിജിറ്റല്‍ ട്വിന്‍ ടെക്‌നോളജി പോലുള്ള നീക്കങ്ങളിലൂടെ ടിസിഎസ് സുസ്ഥിരതാ നീക്കങ്ങളും നടത്തുന്നുണ്ട്.
ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ വിമാന എഞ്ചിന്‍ വികസിപ്പിക്കാന്‍ റോള്‍സ് റോയ്സുമായി സഹകരിക്കുന്നത് കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായുള്ള പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
ജീവനക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന കാഴ്ചപ്പാടിനുള്ള അംഗീകാരം കൂടിയാണ് ടിസിഎസിനു ലഭിച്ചിട്ടുള്ളത്. ആഗോള ആധികാരിക സ്ഥാപനമായ ടോപ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏറ്റവും മികച്ച തൊഴില്‍ സ്ഥാപനത്തിനുള്ള സാക്ഷ്യപത്രമെന്ന മികച്ച നേട്ടവും ടിസിഎസിനു ലഭിച്ചു.
2025-ലെ ഏറ്റവും മികച്ച ആഗോള തൊഴില്‍ദാതാവായും ടിസിഎസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.