
ന്യൂഡൽഹി: പത്തു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഹാൻഡ്‌ബാഗുകൾ, വാച്ചുകൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്ത്രങ്ങൾ തുടങ്ങിയ ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ഒരു ശതമാനം ടി.സി.എസ് ( ഉറവിടത്തിൽ നിന്നും ഈടാക്കുന്ന നികുതി) ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്.
10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള മോട്ടോർ വാഹനങ്ങൾക്ക് നിലവിൽ ഒരു ശതമാനം ടി.സി.എസ് ഈടാക്കുന്നുണ്ട്.
കേന്ദ്ര ബജറ്റ് നിർദേശമനുസരിച്ച് പുതിയ ടി.സി.എസ് ബാധകമാകുന്ന ആഡംബര വസ്തുക്കളുടെയും ശേഖര വസ്തുക്കളുടെയും പട്ടിക ആദായനികുതി വകുപ്പ് പുറത്തിറക്കി.
പെയിന്റിംഗുകൾ, ശിൽപങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയ കലാ വസ്തുക്കൾ, നാണയങ്ങളും സ്റ്റാമ്പുകളും ഉൾപ്പെടെയുള്ള ശേഖര വസ്തുക്കൾ, റിസ്റ്റ് വാച്ചുകൾ, ഹെലികോപ്റ്ററുകൾ, ആഡംബര ഹാൻഡ്‌ബാഗുകൾ, സൺഗ്ലാസ്, പാദരക്ഷകൾ, ഉയർന്ന നിലവാരമുള്ള സ്‌പോർട്‌സ് വസ്ത്രങ്ങൾ, ഹോം തിയറ്റർ സംവിധാനങ്ങൾ, റേസിംഗിനോ പോളോയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്ന കുതിരകൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.