മുംബൈ: എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, മിറേ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നീ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുമായി (ഡിഐഐകള്‍) ചര്‍ച്ച നടത്തിയിരിക്കയാണ് ഇന്ത്യന്‍ യൂണികോണ്‍ പ്രതിനിധികള്‍. ഐപിഒയ്ക്ക് ഒരുങ്ങുന്ന സ്വിഗ്ഗി, മീഷോ, അണ്‍കാഡമി, ലെന്‍സ്‌കാര്‍ട്ട്, അക്കോ എന്നിവയുടെ നേതൃത്വമാണ് ആഭ്യന്തര നിക്ഷേപ സ്ഥാപന അധികൃതരെ കണ്ടത്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ജാഗ്രത തുടരുമെന്ന് ഡിഐഐകള്‍ ഇവരെ അറിയിച്ചു.
ബിസിനസ്സ് മോഡലുകളും ഫലങ്ങളും പ്രവചനാതീതതമാകുന്നതാണ് കാരണം. അതേസമയം 10 മുതല്‍ 15 വര്‍ഷങ്ങളില്‍ മൂല്യമുയര്‍ത്താന്‍ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപം തുടരും. കഴിഞ്ഞ വര്‍ഷം, സൊമാറ്റോ, നൈക്ക, പോളിസിബസാര്‍,പേടിഎം പോലുള്ള എട്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പൊതു വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു.
ഇവയില്‍ ഏഴെണ്ണം ആഭ്യന്തര വിപണിയിലാണ് പ്രവേശിച്ചത്. ഡിഐഐകള്‍ സമ്മിശ്ര വീക്ഷണമാണ് ഈ കമ്പനികളില്‍ പുലര്‍ത്തിയത്. 2021 ജൂലൈയിലെ സൊമാറ്റോ ലിസ്റ്റിംഗില്‍ ഏകദേശം 19 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 74 സ്‌കീമുകളിലൂടെ ആങ്കര്‍ നിക്ഷേപകരായി.
കൊട്ടക് എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ,ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. അതേസമയം പേടിഎം ആങ്കര്‍ ബുക്കിംഗില്‍ നാല് പ്രാദേശിക അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. ആഭ്യന്തര നിക്ഷേപകരുടെ അനുമാനം ശരിവച്ച് ടെക് കമ്പനികളുടെ മൂല്യം ഇടിഞ്ഞു.
കഴിഞ്ഞവര്‍ഷം വിപണിയിലെത്തിയ 5 പുതുതലമുറ കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ നഷ്ടം 2 ലക്ഷം കോടി രൂപയാണ്. ഓഹരിവിപണിയിലെ ഉയര്‍ന്ന വില്‍പനയും മോശം പാദഫല പ്രകടനങ്ങളുമാണ് ഇവയെ തകര്‍ത്തത്. എന്നാല്‍, ടെക് കമ്പനികളും ഡിഐഐകളും തമ്മില്‍ പരസ്പര ധാരണയുണ്ടായിരിക്കണമെന്ന് സോഫ്റ്റ്ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറും ഇന്ത്യ മേധാവിയുമായ സുമര്‍ ജുനേജ പറഞ്ഞു.
‘സാങ്കേതിക വ്യവസായം മൂല്യനിര്‍ണ്ണയ തിരുത്തലിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍, ചര്‍ച്ചകള്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ മേഖലയില്‍ നിക്ഷേപമുണ്ടാകൂ. പ്രത്യേകിച്ചും ടെക് കമ്പനികള്‍ പൊതുമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍’ജുനേജ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനൊരുങ്ങുകയാണ് സ്വിഗ്ഗി, മീഷോ, അണ്‍കാഡമി, ലെന്‍സ്‌കാര്‍ട്ട്, അക്കോ തുടങ്ങിയ സ്ഥാപനങ്ങള്‍.