ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ ഉടൻ സാധ്യമാകും. ഇതിനായി ഇന്ത്യയും സിംഗപ്പൂരും തങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങളായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), പേയ്‌നൗവും (PayNow) തമ്മിൽ ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.
യുപിഐയും പേ നൗവും ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായിരിക്കും ഈ നടപടിയുടെ പ്രയോജനം കൂടുതൽ ലഭിക്കുക.
ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകളായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും (എംഎഎസ്) ഈ നീക്കത്തിൽ സഹകരിക്കും. സേവനം ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്താ ഏജൻസിയായ എഎൻഐ പറയുന്നതനുസരിച്ച്, ഈ സംരംഭത്തിലൂടെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നിർദ്ദിഷ്ട ലിങ്കേജ് (വിപിഎ) പ്രകാരമുള്ള യുപിഐ വെർച്വൽ പേയ്‌മെന്റ് വിലാസങ്ങൾ ഉപയോഗിച്ചും പണം കൈമാറാൻ കഴിയും. ഇന്ത്യയുടെ കാർഡ് പേയ്‌മെന്റ് ശൃംഖലയായ റുപേയ്ക്ക് സമാനമാണ് സിംഗപ്പൂരിന്റെ പേനൗ.
“സിംഗപ്പൂരിന് തങ്ങളുടെ പേനൗവിനെ യുപിഐയുമായി ബന്ധിപ്പിക്കാൻ ആഗ്രഹമുണ്ട്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പദ്ധതി പൂർത്തിയാകും, ഇതോടെ സിംഗപ്പൂരിൽ ഉള്ള ആർക്കും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്ക് യുപിഐ വഴി പണം അയയ്ക്കാൻ കഴിയും,” സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പി കുമാരൻ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
“സിംഗപ്പൂരിൽ എത്തുന്ന പല ഇന്ത്യൻ വിനോദസഞ്ചാരികളുടെയും കൈവശം റുപേ കാർഡ് ഇല്ല, ഇനി അത് കൈവശമുണ്ടെങ്കിൽപ്പോലും ഇത് ആഭ്യന്തര റുപേ കാർഡ് ആയിരിക്കും. ഇത് അൽപ്പം സങ്കീർണ്ണമാണ്. അതിനാൽ ഭാവിയിൽ, ധാരാളം ആളുകൾ ഡിജിറ്റൽ പേമെന്റ് മാർഗങ്ങളിലേക്ക് മാറുന്നതായി കാണാം. അതാകുമ്പോൾ ധാരാളം പണം കൊണ്ടുപോകേണ്ടി വരില്ല, മാത്രമല്ല ഉയർന്ന ഫീസ് ഉള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടിയും വരില്ല,” ഹൈക്കമ്മീഷണർ കൂട്ടി ചേർത്തു.