മുംബൈ: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഈ വര്‍ഷവും ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 10 ശതമാനം വരെ താരിഫ് നിരക്ക് വര്‍ധനവിന് സാധ്യതയുള്ളതായി അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ എന്ത് നയം സ്വീകരിക്കും എന്ന് വ്യക്തമല്ല.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 2024 ജൂലൈ ആദ്യം താരിഫ് നിരക്കുകള്‍ 25 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കമ്പനികള്‍ വര്‍ധനവിന് മുതിര്‍ന്നത്. 2025ലും താരിഫ് വര്‍ധനവിന് ഈ മൂന്ന് കമ്പനികളും മുതിര്‍ന്നേക്കും എന്നാണ് വിപണി അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. മോണിറ്റൈസേഷന് പ്രാധാന്യം നല്‍കുന്നത് കമ്പനികള്‍ തുടരും എന്നതിനാലാണ് ഈ സാധ്യത കാണുന്നത്. രാജ്യമെങ്ങും 5ജി വിന്യാസം പുരോഗമിക്കുന്നതിനാല്‍ 5ജി റീച്ചാര്‍ജുകള്‍ക്ക് മാത്രമായി പ്രത്യേക താരിഫ് നിരക്കുകള്‍ വന്നാലും അത്ഭുതപ്പെടേണ്ടതില്ല.
താരിഫ് നിരക്കുകളിലെ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുമെങ്കിലും ടെലികോം രംഗത്തിന് ഗുണം ചെയ്യും എന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. ആവറേജ് റെവന്യൂ പെര്‍ യൂസര്‍ (എആര്‍പിയു) 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കും എന്നതാണ് കാരണം. ടെലികോം ഓപ്പറേറ്റര്‍മാരുടെ വാര്‍ഷിക വരുമാനത്തിലും ഉയര്‍ച്ചയുണ്ടാകും.
2024 ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോഴും പഴയതില്‍ തുടര്‍ന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും 2025ല്‍ ടെലികോം വിപണിയെ സജീവമാക്കും. സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ഒഴുകിയെങ്കിലും ഇപ്പോള്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ യൂസര്‍മാരുടെ എണ്ണത്തില്‍ തിരിച്ചടി നേരിടുകയാണ്.