ന്യൂഡല്ഹി: പ്രകൃതി ദുരന്തങ്ങള് പോലുള്ള അടിയന്തര സാഹചര്യങ്ങളില് ഇന്റര്നെറ്റ് കണക്ടിവിറ്റി അതിവേഗം പുനസ്ഥാപിക്കുന്നതിനുള്ള വഴികള് തേടുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം.
ഇതിന്റെ ഭാഗമായി ബലൂണുകള് ഉപയോഗിച്ച് ഇന്റര്നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പരീക്ഷണം ടെലികോം വകുപ്പ് വിജയകരമായി പൂര്ത്തിയാക്കി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ നുര്മതി ഗ്രാമത്തിലാണ് കഴിഞ്ഞമാസം ബലൂണ് ഉപയോഗിച്ചുള്ള 5ജി കണക്ടിവിറ്റി പരീക്ഷിച്ചത്. 5ജി റൂട്ടറുകളും ഇന്റര്നെറ്റ് കണ്ട്രോള് യൂണിറ്റുകളും ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ബലൂണുകളിലെ നെറ്റ് വര്ക്ക് റൂട്ടറുകളും നെറ്റ് വര്ക്ക് കണ്ട്രോള് യൂണിറ്റുകളും വഴിയാണ് ഒരു കിലോമീറ്റര് ചുറ്റളവില് സെക്കന്റില് 10 മെഗാബിറ്റ് (എംബി) വേഗത്തില് അതിവേഗ ഇന്റര്നെറ്റ് ലഭ്യത ഉറപ്പാക്കിയത്. വാഹനത്തിലോ പ്രത്യേകം ഒരിടത്തോ കണ്ട്രോള് യൂണിറ്റുകള് സ്ഥാപിക്കാനാവും.
5ജി കോര് നെറ്റ് വര്ക്കില് ഡാറ്റാ കൈമാറ്റത്തിനും കമ്മ്യൂണിക്കേഷന് സേവനങ്ങള്ക്കുമായി ഉപയോഗിക്കുന്ന 5ജി ബേസ് സ്റ്റേഷനാണ് ജിഎന്ബി. 100 മീറ്റര് ഉയരത്തിലാണ് ബലൂണ് എത്തിച്ചത്. ബലൂണില് സ്ഥാപിച്ച ജിഎന്ബി ആന്റിനകള്ക്കും അനുബന്ധ ഉപകരണങ്ങള്ക്കുമായി 10 മുതല് 15 കിലോഗ്രാം വരെ ഭാരമുണ്ട്.
ടാറ്റ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല് റിസര്ച്ച് (ടിഐഎഫ്ആര്), സെന്റര് ഫോര് ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) എന്നിവരുമായി സഹകരിച്ചാണ് ബലൂണ് പരീക്ഷണം നടത്തിയത്.
ഹൈദരാബാദില് ടിഐഎഫാറിന് കീഴില് സ്ട്രാറ്റോസ്ഫെറിക് ബലൂണുകളുടെ വിക്ഷേപണങ്ങളും ബലൂണുകള് ഉപയോഗിച്ചുള്ള മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും നടത്താറുള്ള നാഷണല് ബലൂണ് ഫസിലിറ്റി പ്രവര്ത്തിക്കുന്നുണ്ട്.
ആണവോര്ജ്ജ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് ടിഐഎഫ്ആര്. ടെലികോം വകുപ്പിന് കീഴില് വരുന്ന സ്ഥാപനമാണ് സി-ഡോട്ട്.
അടുത്ത ഘട്ടത്തില് ഡ്രോണുകള് ഉപയോഗിച്ചുള്ള പരീക്ഷണം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അഞ്ചോളം ഡ്രോണ് കമ്പനികളെ ബന്ധപ്പെടാനാണ് ടെലികോം വകുപ്പ് ലക്ഷ്യമിടുന്നത്.
സുപ്പ ദിയോ നാവ് ടെക്ക്, അയാന് ഓട്ടോണമസ് സിസ്റ്റംസ്, കോമ്രാഡോ എയറോസ്പേസ്, ബ്ലൂഇന്ഫിനിറ്റി ഇനൊവേഷന് ലാബ്സ്, സാഗര് ഡിഫന്സ് എഞ്ചിനീയറിങ് എന്നീ കമ്പനികള്ക്ക് ക്ഷണമുണ്ടാവുമെന്നാണ് റിപ്പോര്ട്ടുകള്.